മൊബൈൽ കടയുടെ ഭിത്തി തുരന്ന് മോഷണം; ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

മലപ്പുറം വളാഞ്ചേരിയിലെ മൊബൈൽ കടയുടെ ഭിത്തി തുരന്ന് മോഷണം. രണ്ടു ലക്ഷത്തി തൊണ്ണൂറ്റിനാലായിരം രൂപയും, ലാപ്ടോപ്പും, മൊബൈൽ ഫോണുകളുമാണ് കവർന്നത്.  സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

വളാഞ്ചേരി കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന കടയുടെ പിറകിലെ  ഭിത്തി തുരന്നാണ് മോഷണം നടത്തിയത്. രണ്ട് ലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയും ലാപ് ടോപ്പും നാലു മൊബൈല്‍ ഫോണുകളും കവർന്നു. കടയുടെ പിൻവശം ഒഴിഞ്ഞ സ്ഥലമായതിനാൽ ഭിത്തി തുരക്കുന്നത് ആരുടെയും ശ്രദ്ധയിൽപെട്ടില്ല. രാവിലെയാണ് മോഷണവിവരം അറിഞ്ഞത്. 

ആധുനിക ഉപകരണങ്ങൾ കൊണ്ടാണ് ഭിത്തി തുരന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒന്നിൽ കൂടുതൽ പേർ മോഷണത്തിൽ പങ്കെടുത്തിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു. കടയിലെ സിസിറ്റിവിയുടെ സർവറടക്കം മോഷ്ടാക്കൾ നശിപ്പിച്ചിട്ടുണ്ട്. മലപ്പുറത്ത് നിന്ന് ഡോക് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശത്തെ സിസിറ്റിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.