റിക്കവറി വാനില്‍ കഞ്ചാവ് കടത്ത്; മൂന്നംഗ സംഘം അറസ്റ്റിൽ

വാഹനങ്ങള്‍ നന്നാക്കാനെന്ന വ്യാജേന റിക്കവറി വാനില്‍ കഞ്ചാവ് കടത്തിയിരുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. സീറ്റിനോട് ചേര്‍ന്ന് ഒളിപ്പിച്ചിരുന്ന പത്ത് കിലോ കഞ്ചാവും എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. സമാനരീതിയില്‍ വിവിധ ജില്ലകളില്‍ പതിവായി ക‍ഞ്ചാവെത്തിച്ചിരുന്നുവെന്നാണ് വിവരം. 

ഒരിടത്തും തടസമില്ല. കേടായ വാഹനം നന്നാക്കാനുള്ള യാത്രയെന്നറിഞ്ഞാല്‍ പൊലീസ് പരിശോധനയും കുറയും. ഈയവസരം മൂന്നുപേരും നന്നായി പ്രയോജനപ്പെടുത്തി. മലപ്പുറം വാഴക്കാട് സ്വദേശി അഹമ്മദ് സുനിത്തായിരുന്നു സൂത്രധാരന്‍. പിക്കപ്പ് വാന്‍ ശ്രമകരമായി ഓടിക്കുന്നതും ഇയാളാണ്. പാലക്കാട് പട്ടാമ്പി സ്വദേശികളായ അനില്‍കുമാര്‍, ശ്രീജേഷ് എന്നിവരായിരുന്നു കൂട്ടാളികള്‍. ഇവര്‍ തമിഴ്നാട്ടില്‍ നിന്ന് റോഡ് മാര്‍ഗം കഞ്ചാവെത്തിച്ച് അഹമ്മദ് സുനിത്തിന് കൈമാറും. സഹായികളെന്ന വ്യാജേന സഞ്ചരിച്ച് വിവിധ ജില്ലകളിലേക്ക് കഞ്ചാവെത്തിക്കുന്നതായിരുന്നു രീതി. 

കഞ്ചാവ് കടത്തിയ റിക്കവറി വാന്‍ രാമനാട്ടുകര മേല്‍പ്പാലത്തിന് സമീപത്ത് നിന്നാണ് എക്സൈസ് പിടികൂടിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനം വ്യാജ നമ്പര്‍ പതിപ്പിച്ചാണോ ഓടിച്ചിരുന്നതെന്ന സംശയമുണ്ട്. കടത്തിനായി കൂടുതലാളുകളുണ്ടെന്ന നിഗമനത്തിലാണ് അധികൃതര്‍. ഇക്കാര്യത്തില്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് കൂടുതല്‍ പരിശോധന നടത്തും. രണ്ടാഴ്ചയ്ക്കിടെ ഇരുപത് കിലോയിലധികം കഞ്ചാവാണ് എക്സൈസ് ജില്ലയില്‍ പിടികൂടിയത്.