കുമ്പള മുരളി വധക്കേസ്; ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവ്

കാസര്‍കോട് കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകനായ മുരളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി. പ്രവര്‍ത്തകന് ജീവപര്യന്തം തടവുശിക്ഷ. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഏഴ് ബി.ജെ.പി. പ്രവര്‍ത്തകരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. 

കുമ്പള ശാന്തിപ്പള്ളം സ്വദേശി പി.മുരളിയെയാണ് 2014 ഒക്ടോര്‍ 27ന് രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ കുത്തി വീഴ്ത്തിയത്. കുമ്പള ബദിയടുക്ക റോഡില്‍ സീതാംഗോളിയില്‍നിന്ന് കുമ്പളയിലേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുരളിയെ രണ്ട് ബൈക്കില്‍ വന്ന ശരത് രാജും സംഘവും മാരാകയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സുഹൃത്ത് മനോജ് കുമാറിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഓടിച്ചതിന് ശേഷമാണ് കുത്തിയത്.

കുത്തേറ്റ് ഗുരുതരാവസ്ഥയിലായ മുരളിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ശരത് രാജിനെ സഹായിച്ചവരുള്‍പ്പെടെ കേസില്‍ ആകെ എട്ട് പ്രതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഏഴുപേരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. കേസിലെ ഒന്നാം പ്രതി ശരത് രാജിന് രണ്ടു ലക്ഷം രൂപ പിഴയും കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം