തല പിളര്‍ത്തിയുള്ള വെട്ടില്‍ ജീവനറ്റു; സഹോദരിമാർക്കു മുന്നിൽ പിടഞ്ഞു വീണു

കണ്ണൂർ: കൂത്തുപറമ്പിൽനിന്നു ഷോപ്പിങ് കഴിഞ്ഞു സഹോദരിമാർക്കൊപ്പം കാറിൽ ചുണ്ടയിലിനും കൈച്ചേരിക്കും ഇടയിലുള്ള വളവിലെത്തിയപ്പോഴാണ്‌ സലാഹുദ്ദീന്റെ കാറിനു പിന്നിൽ ഒരു ബൈക്ക് വന്നിടിക്കുന്നത്. ബൈക്കിലുണ്ടായിരുന്ന ഒരാള്‍ നിലത്തുവീണ് കിടക്കുന്നത് കണ്ട് ഇളയ സഹോദരിയാണ് ആദ്യം കാറിൽ നിന്ന് ഇറങ്ങിയത്. തൊട്ടുപിന്നാലെ സലാഹുദ്ദീനും ഇറങ്ങി. 

ബൈക്കിലെത്തിയവര്‍ പെട്ടെന്നാണ് ആയുധം പുറത്തെടുത്തത്. നടന്നത് വ്യാജ അപകടമാണെന്ന് തിരിച്ചറിയുന്നതിനു മുൻപ് തന്നെ സലാഹുദ്ദീന് വെട്ടേറ്റു. സഹോദരിമാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തിയാണ്‌ സലാഹുദ്ദീനെ ആശുപത്രിയിലേക്ക് എത്തിച്ചത്. 

തലയ്ക്കു പിന്നിലാണ് വെട്ടേറ്റത്. ഉടന്‍ തലശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തല പിളർത്തിയുള്ള വെട്ട് ആണ് മരണ കാരണം. കഴുത്തിനു പിൻഭാഗത്തും മാരാകായുധം ഉപയോഗിച്ചുള്ള മുറിവുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെട്ടേറ്റെങ്കിലും മാരകമായതു തലയ്ക്കും കഴുത്തിനുമേറ്റ വെട്ടുകളെന്നാണു  പ്രാഥമിക നിഗമനം.

അക്രമികൾ കൊലപാതകത്തിനായി സ്ഥലം തിരഞ്ഞെടുത്തതു പോലും ആസൂത്രിതമായി. റോഡിന്റെ ഇരു ഭാഗത്തും സിസിടിവി ഉള്ളതിനാലാണ് ചുണ്ടയിലിനും കൈച്ചേരിക്കും ഇടയിലുള്ള വളവ് തെരഞ്ഞെടുത്തത്. വളവിലേക്ക് ക്യാമറക്കണ്ണുകൾ എത്തില്ലെന്നുള്ളതും വിജന സ്ഥലമായതിനാലുമാണ് അപകട നാടകത്തിനും െകാലപാതകത്തിനും ഈ വളവ് തെരഞ്ഞെടുക്കാൻ അക്രമികളെ പ്രേരിപ്പിച്ചത്.

സിഐ കെ. സുധീറിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്ന് ഡോഗ് സ്വാഡും ഫോറന്‍സിക് വിദഗ്ധരുമെത്തി സ്ഥലത്ത്  പരിശോധിച്ചു. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. 2018 ജനുവരി 19ന് എബിവിപി പ്രവർത്തകൻ കണ്ണവത്തെ ശ്യാമപ്രസാദ് കൊല്ലപ്പെട്ട കേസിൽ ഏഴാം പ്രതിയാണു സലാഹുദ്ദീൻ.എന്നാൽ, ശ്യാമപ്രസാദ് വധത്തിന്റെ പ്രതികാരമാണു സലാഹുദ്ദീന്റെ കൊലപാതകത്തിനു പിന്നിലെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് പൊലീസ് നിലപാട്.  

2018 ജനുവരി 19നു വൈകിട്ട് കോളയാട് കൊമ്മേരി ഗോട്ട് ഫാമിനു സമീപമാണ് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയത്.  കണ്ണവത്തേക്കു സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ, മുഖം മൂടി ധരിച്ചു കാറിലെത്തിയ നാലംഗ സംഘം ബൈക്ക് തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. വെട്ടേറ്റ ശ്യാമപ്രസാദ് ഇടവഴിയിലൂടെ ഓടി ഒരു വീട്ടിൽ കയറിയെങ്കിലും വീട്ടുവരാന്തയിലിട്ടു വെട്ടിക്കൊലപ്പെടുത്തി. കേസിൽ സലാഹുദ്ദീനു പുറമേ, സഹോദരൻ നിസാമുദ്ദീനും പ്രതിയാണ്. കേസിലെ മുഖ്യ ആസൂത്രകനാണു സലാഹുദ്ദീനെന്നാണു പൊലീസ് കോടതിയിൽ ബോധിപ്പിച്ചത്.