സബീര്‍ഷായെ കാണാതായിട്ട് ഒരു വർഷം; അന്വേഷണം നടന്നില്ലെന്ന് കുടുംബം

കൊല്ലം കടയ്ക്കലില്‍ നിന്നു ഒരു വര്‍ഷം മുന്‍പ് കാണാതായ യുവാവിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. സബീര്‍ഷാ സ്വയം വീട്ടില്‍ നിന്നു ഇറങ്ങി പോയതാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ വേണ്ടരീതിയില്‍ അന്വേഷണം നടന്നില്ലെന്ന് വീട്ടുകാര്‍ക്ക് പരാതിയുണ്ട്.

ഈ ഉമ്മയും ബാപ്പയും മകനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് തമിഴ്നാട്ടിലെ ഒരു ആരാധന കേന്ദ്രത്തിലേക്ക് സബീര്‍ഷാ പോയത്. അവിടെ എത്തിയ ശേഷം ഭാര്യയ്ക്കും സഹോദരിക്കും ചിത്രങ്ങള്‍ അയച്ചു കൊടുത്തു. പിന്നീട് ഒരു വിവരവുമില്ല.

സബീര്‍ഷാ തമിഴ്നാട്ടിലുണ്ടെന്ന് അറിഞ്ഞ് വീട്ടുകാര്‍ അവിടെ നേരിട്ടെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്തനായില്ല. മൊബൈല്‍ ഫോണും എടിഎം കാര്‍ഡുമൊക്കെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ലെന്നാണ് കടയ്ക്കല്‍ പൊലീസ് പറയുന്നത്.