ദുര്‍ഗന്ധം വമിച്ചപ്പോൾ പരിശോധിച്ചു; വെള്ളക്കെട്ടില്‍ മൃതദേഹം

കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം വെള്ളക്കെട്ടില്‍ പുരുഷ മൃതദേഹം കണ്ടെത്തി. ഒരാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് നിഗമനം. ആളെത്തിരിച്ചറിയാനായിട്ടില്ല. ബൈപ്പാസിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്നുള്ള പരിശോധനയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നടക്കാവ് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി മൃതദേഹം വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്തു. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ദേഹത്ത് പരുക്കുകളില്ല. ശരീരത്തില്‍ വസ്ത്രങ്ങളുമുണ്ടായിരുന്നു. 

മൃതദേഹം കണ്ടെത്തിയ വെള്ളക്കെട്ടിന് മീറ്ററുകള്‍ മാത്രം വ്യത്യാസത്തിലാണ് ബവ്റിജസ് വില്‍പന കേന്ദ്രമുള്ളത്. ലഹരി ഉപയോഗത്തിന് ശേഷം പലരും പ്രാഥമികാവശ്യം നിര്‍വഹിക്കാനെത്തുന്ന സ്ഥലമാണിത്. മുഖം കഴുകുന്നതിനിടെ വെള്ളക്കെട്ടില്‍ വീണതെന്നാണ് പ്രാഥമിക നിഗമനം. നഗരപരിധിയിലെ സ്റ്റേഷനുകളില്‍ അടുത്തദിവസങ്ങളിലൊന്നും കാണാതായവരെക്കുറിച്ചുള്ള പരാതിയും ലഭിച്ചിട്ടില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.