മുണ്ടക്കയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസ്: ഗുണ്ടാ നേതാവ് പിടിയിൽ

മുണ്ടക്കയത്ത് ഭാര്യയുടെയും മകന്‍റെയും മുന്നില്‍വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഗുണ്ടാ നേതാവ് പൊലീസ് കസ്റ്റഡിയില്‍. പടിവാതുക്കൽ ആദർശ് കൊല്ലപ്പെട്ട കേസില്‍ ക്രിമിനല്‍ ജയന്‍ എന്നറിയപ്പെടുന്ന പുതുപറമ്പില്‍ പി.കെ. ജയപ്രകാശാണ് പിടിയിലായത്. വാഹനം ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

 മുണ്ടക്കയം കരിനിലത്ത് അര്‍ധരാത്രിയാണ് ആദര്‍ശിനെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയത്. ആക്രിക്കട നടത്തുന്ന ആദര്‍ശ് ഭാര്യയും രണ്ടരവയസുള്ള മകനുമൊത്ത് സുഹൃത്തിനെ കാണാനിറങ്ങിയതാണ്. വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയനുമായി തര്‍ക്കമുണ്ടായി. വഴിയില്‍ സുഹൃത്തിനോട് സംസാരിച്ചു നിന്ന് ആദര്‍ശിനെ ജയന്‍ പിന്തുടര്‍നെത്തി മര്‍ദിച്ചു. അക്രമത്തിന് ശേഷം സ്ഥലംവിട്ട ജയനെ ആദര്‍ശ് കാറില്‍ പിന്തുടര്‍ന്നു. തുടർന്ന് വീണ്ടും കരിനിലത്ത് വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് ജയൻ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആദർശിനെ കുത്തിയത്. സംഭവ ശേഷം ജയനും കാറിലുണ്ടായിരുന്ന രണ്ട് പേരും സ്ഥലംവിട്ടു. ആദര്‍ശിന്‍റെ ഭാര്യയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. 

തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ജയനെ ഇടുക്കിയില്‍ നിന്നാണ് പിടികൂടിയത്. കാപ്പാ കേസിൽ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് പിടിയിലായ ജയൻ. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് ക്രിമിനല്‍ ജയന്‍ എന്നറിയപ്പെടുന്ന ജയകുമാര്‍. സംഭവസമയം ജയനോടൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.