വയോധികയെ പീഡിപ്പിച്ച കേസ്: പ്രതിയെ കിട്ടാതെ പൊലീസ്: അന്വേഷണം ഉൗർജിതം

കോഴിക്കോട് മുക്കം മുത്തേരിയില്‍ വയോധികയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കൈക്കലാക്കി ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെട്ട കേസില്‍ നാല് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനങ്ങളുടെ യഥാര്‍ഥ ഉടമകളെ കണ്ടെത്തുന്നതിലൂടെ പ്രതിയിലേക്ക് എത്താമെന്നാണ് നിഗമനം. വ്യാപാരികളെയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയും നേരില്‍ക്കണ്ട് പൊലീസ് സഹായം തേടിയിട്ടുണ്ട്. 

ഓട്ടോറിക്ഷയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞെങ്കിലും നമ്പര്‍ വ്യക്തമായിരുന്നില്ല. നിറവും രൂപവും കണക്കാക്കിയാണ് ഓമശ്ശേരി, മുക്കം, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് നാല് ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തത്. ഒരെണ്ണം വഴിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. നാല് വാഹനങ്ങളുടെയും ഉടമയെ കണ്ടെത്തുന്നതോടെ കേസിന് തുമ്പുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. 

വയോധികയ്ക്ക് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലെ വ്യാപാരികളോടും ഓട്ടോറിക്ഷ ഡ്രൈവര്‍മാരോടും പ്രതിയെ പിടികൂടാന്‍ സഹായിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണമുണ്ടായ ദിവസം സി.സി.ടി.വിയില്‍ പതിഞ്ഞ ഓട്ടോയുടെ ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദേശം. ചില സ്ഥാപനങ്ങളില്‍ പൊലീസ് നേരിട്ടെത്തി ദൃശ്യങ്ങള്‍ ശേഖരിച്ചു. 

ദിവസേന സ്റ്റാന്‍ഡില്‍ ഓടാനെത്തിയിരുന്നവരില്‍ ആരെങ്കിലും ഓട്ടം നിര്‍ത്തുകയോ മറ്റിടങ്ങളിലേക്ക് പോയതായോ അറിഞ്ഞാല്‍ വിവരം നല്‍കണമെന്നാണ് ഓട്ടോറിക്ഷക്കാരെ അറിയിച്ചിട്ടുള്ളത്. ഇതോടൊപ്പം മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചും അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. പ്രത്യേക സംഘം ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്തും.