ഗുണ്ടാ സംഘങ്ങൾ തമ്മിൽ തർക്കം; യുവാവിനെ ഒാടിച്ചിട്ട് കുത്തിക്കൊന്നു

കൊല്ലം നഗരത്തിലെ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ ഓടിച്ചിട്ടു കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി ഉദയകിരണാണ് കൊല്ലപ്പെട്ടത്. കേസില്‍ മുന്നൂ പേരെ  ഇൗസ്റ്റ് പൊലീസ് പിടികൂടി. ഓട്ടോറിക്ഷാ ഡ്രൈവറാണു കൊല്ലപ്പെട്ട കിച്ചു എന്ന ഉദയകിരൺ. ശുചിമുറി മാലിന്യം ശേഖരിക്കുന്ന ടാങ്കർ ലോറിയും ഇയാൾക്കുണ്ട്. ലോറിയെച്ചൊല്ലി കിച്ചുവും മെട്ട വിഷ്ണുവെന്ന വിഷ്ണുവും തമ്മില്‍ തര്‍ക്കമുണ്ട്. 

ചൊവ്വാഴ്ച രാത്രിയിൽ വിഷ്ണു സുഹൃത്തിനൊപ്പം ബൈക്കിൽ ഉദയകിരൺ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തി. മദ്യലഹരിയിലായിരുന്ന ഇയാള്‍ കുടുംബാംഗങ്ങളെ അസഭ്യം പറഞ്ഞു. വിവരമറിഞ്ഞ് ഉദയ കിരണ്‍ സ്ഥലത്തെത്തി. വാക്കേറ്റവും കയ്യാങ്കളിയുമായി. ഇതിനിടെ ഇരുവിഭാഗം ആയുധം ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു. ഓടി രക്ഷപെടാൻ ശ്രമിച്ച ഉദയകിരണിനെ വിഷ്ണു പിന്നാലെയെത്തി കുത്തി വീഴ്ത്തി. 

വിഷ്ണു കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല. ഗുണ്ടാ നിയമ പ്രകാരം ആറു മാസത്തെ തടവു ശിക്ഷ കഴി‍ഞ്ഞു രണ്ടു മാസം മുൻപാണു വിഷ്ണു ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. വിഷ്ണുവിനെ ബൈക്കിൽ സംഭവ സ്ഥലത്തെത്തിച്ച കിളികൊല്ലൂർ സ്വദേശി ശരൺ, വിഷ്ണു, ജിതിൻ എന്നിവരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.