വാഴക്കുല ലോഡിനുള്ളിൽ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ; അറസ്റ്റ്

മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റില്‍ വാഴക്കുല ലോഡിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 12 ലക്ഷം രൂപയുടെ  നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി. ഭക്ഷ്യയോഗ്യമല്ലാത്ത വാഴക്കുല നിറച്ചു വന്ന ലോറി കണ്ട് സംശയം തോന്നിയാണ് എക്സൈസ് സംഘം ലോഡിറക്കി പരിശോധന നടത്തിയത്. 

കാറ്റില്‍ നിലംപതിച്ച മൂപ്പ് എത്താത്ത വില്‍ക്കാന്‍ സാധ്യതയില്ലാത്ത വാഴക്കുലയുമായാണ് അതിര്‍ത്തി കടന്ന് ഗുഡ്സ് ജീപ്പ് എത്തിയത്. വില്‍ക്കാന്‍ കഴിയാത്ത വാഴക്കുലകള്‍ മൈസുരുവില്‍ നിന്ന് കേരളത്തിലേക്ക് എന്തിനാണ് കൊണ്ടുവരുന്നത് എന്ന് അന്വേഷിച്ചാണ് പരിശോധന ആരംഭിച്ചത്. വാഴക്കുല താഴെയിറിക്കി പരിശോധിച്ചതോടെ ചാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടു. 14 ചാക്കുകളിലായി 12600 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് ചെക്കുപോസ്റ്റു വഴി കടത്താന്‍ ശ്രമിച്ചത്.

ലോറി ഡ്രൈവർ മലപ്പുറം കോഡൂർ വടക്കേമണ്ണ കൊളക്കാടൻ മൊയ്തീൻ, സഹായി മുണ്ടക്കോട് പെരുവൻകുഴിയൻ അബ്ദു എന്നിവരാണ് അറസ്റ്റിലായത്. മൈസൂരു മാർക്കറ്റിൽ നിന്നാണ് പുകയില ഉൽപ്പന്നങ്ങൾ വാങ്ങിയതെന്നും മലപ്പുറത്ത് വില്‍പ്പന നടത്തുകയാണ് ലക്ഷ്യമെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെയും വാഹനവും  വഴിക്കടവ് പൊലിസിന് കൈമാറി. മൊയ്തീൻ നേരത്തെയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അറസ്റ്റിലായിട്ടുണ്ട്.