പഴക്കച്ചവടത്തിന്റെ മറവില്‍ വീട്ടില്‍ ചാരായ വാറ്റ്; പ്രതി പിടിയിൽ

പഴക്കച്ചവടത്തിന്റെ മറവില്‍ വീട്ടില്‍ ചാരായം വാറ്റിയ പ്രതിയെ കൊച്ചിയില്‍ എക്സൈസ് പിടികൂടി. ഐഎന്‍ടിയുസി നേതാവായ ഞാറയ്ക്കലുകാരന്‍ നിവിനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരുമാസത്തോളമായി വീടിനുള്ളില്‍ ചാരായം വാറ്റി വില്‍ക്കുകയായിരുന്നു. അനധികൃതമായി നിര്‍മിച്ച 30 ലിറ്റര്‍ വൈനും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

ഇതാണ് കൊച്ചി ഞാറയ്ക്കലിലെ കാടാക്കൂരന്‍ വീട്ടില്‍ നിവിന്‍. ഐന്‍ടിയുസി വൈപ്പിന്‍ നിയോജക മണ്ഡലം സെക്രട്ടറിയാണ്. വര്‍ഷങ്ങളായി വീടിനോട് ചേര്‍ന്ന് പഴക്കച്ചവടം നടത്തുകയാണ് നിവിന്‍. ലോക്ഡൗണ്‍ തുടങ്ങിയതു മുതലാണ് പഴക്കച്ചവടത്തിനൊപ്പം ചാരായം വാറ്റി വില്‍ക്കാന്‍

തുടങ്ങിയത്.  വാറ്റാനുള്ള കോട നിര്‍മിക്കാനായി പഴങ്ങള്‍  കടയില്‍ നിന്ന് യഥേഷ്ടമെടുത്ത് ഉപയോഗിക്കുകയായിരുന്നു. 

എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വീട്ടില്‍ പരിശോധന.115 ലിറ്റര്‍ വാഷും ചാരായം വാറ്റാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. ഇതിനെല്ലാം പുറമെ അനധികൃതമായി നിര്‍മിച്ച 30 ലിറ്റര്‍ വൈനും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു.