വാറ്റടിച്ച് പൂസായി എക്സൈസിനെ വിവരം അറിയിച്ചു; മൂന്നു വാറ്റുകേന്ദ്രങ്ങൾ കണ്ടെത്തി

നെടുങ്കണ്ടത്ത്  വാറ്റ് കേസുകൾ വര്‍ധിക്കുന്നു. മൂന്നു വാറ്റുകേന്ദ്രങ്ങൾ കൂടി കണ്ടെത്തി.  ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതികൾ ഓടി രക്ഷപെട്ടു. കുമളി മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടത്തിന് സമീപം കരടി വളവിൽ ടൂറിസ്റ്റ് റീ ഫ്രഷിംഗ് ഷോപ്പിൽ ചാരായം വാറ്റുന്നെന്ന വിവരത്തെ തുടർന്ന് ഇടുക്കി എക്സൈസ് നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡിൻ്റെ റെയിഡിൽ ഒന്നര ലീറ്റർ ചാരായവും 50 ലീറ്റർ കോടയും പിടികൂടി. വാറ്റു കേന്ദ്രത്തിലെ സ്ഥിരം മദ്യപാനി വാറ്റടിച്ച് പൂസായി എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. 

കട ഉടമ മനോജ് ഓടി രക്ഷപെട്ടു. സംസ്ഥാന പാതയോരത്ത് വിദേശികളെ ലക്ഷ്യമിട്ടാണ് കട പ്രവർത്തിച്ചിരുന്നത്‌. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കട അടച്ചു പൂട്ടി. ഇതോടെയാണ് കട അടച്ചിട്ട് വാറ്റു കേന്ദ്രം ആരംഭിച്ചത്. കുക്കറിൽ ഓസ് ഘടിപ്പിച്ചായിരുന്നു വാറ്റ്. ഇവിടെ നിന്നും ചാരായം കഴിച്ചയാൾ പൂസായ യാൾ എക്സൈസിനു വിവരം കൈമാറുകയായിരുന്നു. തുടർന്നാണ് പരിശോധന നടന്നത്. പ്രിവൻ്റീവ് ഓഫിസർ മനോജ് മാത്യുവിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

നെടുങ്കണ്ടം എഴുകും വയൽ ഈറ്റോലിക്ക വലഭാഗത്ത് നടത്തിയ പരിശോധനയിൽ  ഈറ്റോലിക്കരക്കവലയിൽ  രാജനെ ഒരു ലിറ്റർ ചാരായവുമായ് പിടികൂടി.എന്നാൽ എക്‌സൈസിനെ വെട്ടിച്ച് ഇയാൾ ഓടി രക്ഷപെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ നെടുങ്കണ്ടം എക്സൈസ് റെയഞ്ച് ഇൻസ്പെക്ടർ സെബാസ്‌റ്റ്യൻ ജോസഫും സംഘവും മഞ്ഞപ്പെട്ടി- എട്ടുമുക്കിൽ  ചെല്ലപ്പന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബക്കറ്റുകളിലുൾപ്പെടെ സൂക്ഷിച്ചിരുന്ന കോട പിടിച്ചെടുത്ത് നശിപ്പിച്ചു. 

പ്രതി സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞില്ല. ലോക്ക് ഡൗൺ ആരംഭിച്ചതോടെയാണ് വീടുകളിൽ പോലും ആളുകൾ ചാരായം വാറ്റ് തുടങ്ങിയത്.സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നവരും വിൽപനയ്ക്കായ് വാറ്റുന്നവരുമുണ്ട്. മേഖലയിലെ 15 വാറ്റു കേന്ദ്രങ്ങളെക്കുറിച്ച് എക്സൈസ് ഇൻറലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കർശനമായ പരിശോധനകൾ നടത്തുമെന്ന് എക്സൈസ് അറിയിച്ചു.