കുന്നംകുളത്തെ അജ്ഞാതനെന്ന് പ്രചാരണം; വീട്ടിൽ കയറേണ്ടന്ന് ഉമ്മയും; ഒറ്റപ്പെട്ട് യുവാവ്

കുന്നംകുളത്തും കോഴിക്കോടും അര്‍ധരാത്രി പ്രത്യക്ഷപ്പെട്ട ഭീതി പരത്തുന്ന ഏഴടിപ്പൊക്കമുളള അജ്ഞാതരൂപം എന്ന പേരില്‍ സ്വന്തം ചിത്രം പ്രചരിച്ചതോടെ നാട്ടിലും വീട്ടിലും ഒറ്റപ്പെട്ട് ഒരു ചെറുപ്പക്കാരന്‍.  രാജ്യാന്തര വടംവലി മല്‍സരങ്ങളിലെ താരമായ മലപ്പുറം മഞ്ചേരി സ്വദേശി ബനാത്ത് പുല്ലാരയാണ് വിഷമത്തിലായത്. സംസ്ഥാനത്തെ പ്രമുഖ വടംവലി ക്ലബായ ആഹാ ഫ്രണ്ട്സ് എടപ്പാളിന്റെ പ്രധാന താരമാണ് ബനാത്ത്. മല്‍സരത്തിനു മുന്നോടിയായി മല്‍സരാര്‍ഥിയുടെ തൂക്കം കുറക്കുന്നതിന്റെ ഭാഗമായി കാറിന്റെ ഹീറ്റര്‍ ഒാണ്‍ ചെയ്ത് ബനാത്ത് ശരീരം ചൂടാക്കുന്നതിന്റെ ചിത്രമാണ് അജ്ഞാതരൂപം പിടിയിലായെന്ന പേരില്‍ പ്രചരിപ്പിച്ചത്. 

സമൂഹമാധ്യങ്ങളില്‍ വാര്‍ത്ത വൈറലായതോടെ വീടു വിട്ടു പോവാന്‍ ഉമ്മ ആവശ്യപ്പെട്ടു. ടൗണിലേക്ക് ഇറങ്ങിയപ്പോള്‍ നാട്ടുകാരില്‍ ചിലരും കളളനേപ്പോലെയാണ് നോക്കുന്നത്. വടംവലി മല്‍സരത്തിന്റെ ഭാഗമായി നാലും അഞ്ചും ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കാറുണ്ട്. ഈ യാത്രകള്‍ മോഷണത്തിനു വേണ്ടിയാണോ എന്നു പോലും കളിയാക്കിയവരുണ്ട്. മല്‍സരത്തില്‍ പങ്കെടുക്കാന്‍ കുവൈത്തിലേക്ക് പോവാനിരിക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. രണ്ടു സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആരാധകരുളള താരത്തിനാണ് ഈ അപമാനം.