ഇടുക്കി- തമിഴ്നാട് അതിര്‍ത്തിയിൽ വാറ്റ് കേന്ദ്രങ്ങൾ; 600 ലിറ്റര്‍ കോട നശിപ്പിച്ചു

ഇടുക്കി നെടുങ്കണ്ടത്തിന് സമീപമുള്ള തമിഴ്നാട് അതിര്‍ത്തി മേഖലയില്‍  വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തി. കാട്ടുതീയിൽ കത്തി നശിച്ച രാമക്കല്‍മേട്ടിലെ മലയിൽ   ഒളിപ്പിച്ചിരുന്ന 600 ലിറ്റര്‍ കോട നശിപ്പിച്ചു. ലോക് ഡൗണ്‍ പശ്ചാതലത്തില്‍ ചാരായ നിര്‍മ്മാണം തടയുന്നതിനായി   എക്‌സൈസ് പരിശോധന കര്‍ശനമാക്കി. 

സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തി മേഖലകളായ രാമക്കല്‍മേട്, കമ്പംമെട്ട്, ചെല്ലാര്‍ കോവില്‍, മൂങ്കിപ്പള്ളം, പതിനെട്ടാം പടി, ചതുരംഗപ്പാറ, തേവാരം മേട്, അണക്കരമേട്, കൈലാസപ്പാറ മലനിരകൾ, ആറാംമൈൽ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങള്‍ സജീവമായതായി ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം ആറാം മൈലിലെ റിസോര്‍ട്ടിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വാറ്റുകേന്ദ്രത്തില്‍   നടത്തിയ റെയ്ഡില്‍ 2000 ലിറ്റര്‍ കോഡയും വാറ്റുചാരായവും നാടന്‍ തോക്കും വെടിമരുന്നും മറ്റ് ഉപകരണങ്ങളും പിടികൂടിയിരുന്നു. റിസോര്‍ട്ടിന്റെ നടത്തിപ്പുകാരനായ ആറാം മൈല്‍ വലിയപാറ നെല്ലിമൂട്ടില്‍ ജിനദേവനെ അറസ്റ്റ് ചെയ്ത് നെടുങ്കണ്ടം കോടതി ഇന്നലെ റിമാന്റ് ചെയ്തു.

അതിര്‍ത്തിയിലെ വന മേഖല, കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് വ്യാജ വാറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനം. പല മേഖലകളും എളുപ്പത്തില്‍ എത്തിച്ചേരാനാവില്ലാത്തതാണെന്നതും കുറ്റിക്കാടുകളും മുള്‍ച്ചെടികളും നിറഞ്ഞ  പ്രദേശങ്ങളാണെന്നതും പരിശോധനകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുന്നു. 

കോടതയ്യാറാക്കുന്നതിനായ് ശർക്കര,കരിപ്പെട്ടി എന്നിവ ചാക്കു കണക്കിന് തമിഴ്നാട്ടിൽ നിന്നും സമാന്തരപാതകൾ വഴി തലച്ചുമടായ് അതിർത്തിയിലെ കേന്ദ്രങ്ങളിലേക്ക് പരിശോധന കൂടാതെ എത്തിക്കാമെന്നതും വ്യാജവാറ്റുകാരുടെ ഇഷ്ട കേന്ദ്രങ്ങളായ് ഇവിടം മാറുന്നതിന് കാരണമായി. ഇവിടങ്ങളിൽ തയ്യാറാക്കുന്ന കോടയ്ക്കുമുണ്ട് പ്രത്യേകതകൾ. സാധാരണയായ് നാട്ടിൽ ലഭ്യമാകുന്ന പഴങ്ങളോ ചേരുവകളോ ഇവിടങ്ങളിൽ ഉപയോഗിക്കില്ല. ഇതിനു പകരമായ് കാട്ടുപഴങ്ങളും, കാട്ട് നെല്ലിക്ക, മലമുകളിൽ കാണുന്ന ചുറ്റീന്തിന്റെ പഴം, തടിയുടെ ഉള്ളിലെ ചോറ്, തൊടലിച്ചെടിയുടെ തൊലി, ശതാവേരിക്കിഴങ്ങ്, അതിരസം ഇവയൊക്കെയാണ് ഉപയോഗിക്കുക. ഇതിനാൽ തന്നെ ഇവിടെ ഉൽപാദിപ്പിക്കുന്ന ചാരായത്തിന് വീര്യവും കൂടും. സാധാരണ ചാരായത്തിന് ലിറ്ററിന് 600 മുതൽ 650 രൂപ വരെ വിലയുള്ളപ്പോൾ അതിർത്തി മേഖലകളിലെ വനമേഖലകളിൽ നിർമ്മിക്കുന്ന ചാരായത്തിന് 1000 മുതൽ 1300 രൂപയാണ് വില. അടിക്കടി മേഖലയിൽ പരിശോധനകൾ  നടക്കാറുണ്ടെങ്കിലും കുറച്ചു നാളുകൾക്ക് ശേഷം ലോബി വീണ്ടും സജീവമാകുകയാണ് . പരാതിപ്പെടുന്ന നാട്ടുകാർക്ക് നേരെ ആക്രമമഴിച്ചുവിട്ട സംഭവങ്ങളും നിരവധിയാണ്. ഇതിനാൽ തന്നെ വാറ്റ്  നിർമ്മാണവും വിൽപനയും കണ്ടാൽ പോലും ഭീതി മൂലം ആരും പരാതിപ്പെടാറില്ല. രാമക്കല്‍മേട് ബംഗ്ലാദേശ് കോളനിയ്ക്ക് സമീപം കോട സൂക്ഷിച്ചിരിക്കുന്നതായി എക്‌സൈസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇത് എവിടെ എന്നത് കണ്ടെത്തുക ദുഷ്‌കരമായിരുന്നു. കഴിഞ്ഞ ദിവസം മേഖലയില്‍ പടര്‍ന്ന് പിടിച്ച കാട്ട്തീയെ തുടര്‍ന്നാണ് കുറ്റിക്കാടുകള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന കോട ദൃശ്യമായത്.