പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണം; കശ്മീരി വിദ്യാർഥികൾ വീണ്ടും അറസ്റ്റിൽ

രാജ്യവിരുദ്ധ മുദ്രാവാക്യംമുഴക്കിയതിന്  ഹുബ്ബള്ളിയില്‍ അറസ്റ്റുചെയ്തു വിട്ടയച്ച കാശ്മീരി വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി വീണ്ടും അറസ്റ്റു ചെയ്തു. കോടതിയില്‍‍ ഹാജരാക്കിയ വിദ്യാര്‍ഥികളെ കയ്യേറ്റം ചെയ്യാന്‍ ഹിന്ദു അനുകൂല സംഘടനകള്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവച്ചു. മൂന്ന് പേരെയും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

ഹുബ്ബള്ളിയിലെ സ്വകാര്യ എഞ്ചനീയറിംഗ് കോളജ് വിദ്യാര്‍ഥികളായ അമീര്‍, ബാസിദ്, താലിബ് എന്നിവരെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്ത്. പുല്‍വാമ ഭീകരാക്രമണ വാര്‍ഷിക ദിനത്തില്‍ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയതിനൊപ്പം ഇതിന്‍രെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തെന്ന ആരോപണത്തിന്മേലാണ് ഇവരെ അറസ്റ്റുചെയ്തത്. എന്നാല്‍ ഇവരെ ഇന്നലെ വിട്ടയച്ചു.  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാന്‍ പാകത്തിലുള്ള തെളിവുകളില്ലാത്ത സാഹചര്യത്തിലായിരുന്നു. 

വിളിക്കുമ്പോള്‍ ഹാജരാകാമെന്ന ബോണ്ടിന്‍റെ അടിസ്ഥാനത്തില്‍ വിട്ടയച്ചത്. എന്നാല്‍ ഇന്ന് രാവിലെ  ഇവരെ വീണ്ടും രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. മതിയായ തെളിവുകള്‍ ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.  ഹുബ്ബള്ളി കോടതിയില്‍ ഹാജരാക്കിയ മൂവരേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കോടതി പരിസരത്തുവച്ച് ഹിന്ദു അനുകൂല സംഘടനയായ ബര്‍ജങ് ദള്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ കയ്യേറ്റം ചെയ്യാനും മര്‍ദിക്കാനും ശ്രമം നടത്തി. സംഭവം വളരെ ഗൗരവമുള്ളതാണെന്നും രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.