ബന്ധുക്കളുമായി ബോധപൂര്‍വം അകന്നു; അന്തര്‍മുഖനായ ബിര്‍ജു; ‍ഞെട്ടി നാട്ടുകാർ

മാതാവ് ജയവല്ലിയുടെ തൂങ്ങിമരണത്തില്‍ നാട്ടുകാര്‍ ആവര്‍ത്തിച്ച് സംശയം പ്രകടിപ്പിച്ചെങ്കിലും ബിര്‍ജുവുള്‍പ്പെടെ അന്വേഷണത്തിന് തയാറായില്ല. കൂടുതല്‍ ചര്‍ച്ചക്കിട നല്‍കാതെ ബന്ധുക്കളുമായി ബോധപൂര്‍വം അകന്ന് കഴിയുകയായിരുന്നു. അന്തര്‍മുഖനായ ബിര്‍ജു ഒറ്റയ്ക്ക് ഇസ്മയിലിനെ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. 

വീട്ടില്‍ പ്രശ്നങ്ങളുണ്ടെങ്കിലും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നായിരുന്നു ജയവല്ലി അടുപ്പമുള്ളവരോട് പറഞ്ഞിരുന്നത്. ബിര്‍ജുവുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്നതായും സൂചിപ്പിച്ചിരുന്നു. നടക്കാന്‍ പോലും പ്രയാസമുള്ള ജയവല്ലി ആത്മഹത്യ ചെയ്യില്ലെന്ന് അന്നേ ഉറപ്പുണ്ടായിരുന്നു. ബന്ധുക്കളോട് സൂചിപ്പിച്ചെങ്കിലും ആരും കാര്യമായെടുത്തില്ല. 

അന്തര്‍മുഖനായ ബിര്‍ജു ഇത്തരത്തിലൊരു കൊലപാതകം ചെയ്യുമെന്ന് കരുതുന്നില്ല. മറ്റുള്ളവരുടെ പങ്കുള്‍പ്പെടെ പരിശോധിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു. മാതാവിനെ കൊലപ്പെടുത്തും മുന്‍പ് തന്നെ വീട് വില്‍പനയ്ക്കായി ബിര്‍ജു ആളെത്തിരയുന്നുണ്ടായിരുന്നു. വാടക വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ജയവല്ലി നിരസിച്ചു. ജയവല്ലി കൊല്ലപ്പെട്ട് ആറ് മാസത്തിനുള്ളില്‍ വസ്തുവും വീടും വിറ്റ് നീലഗിരിയിലെ അച്ചായനായി ബിര്‍ജു മാറിയതോടെ നാട്ടുകാരും അന്വേഷണം നിര്‍ത്തി.