കണ്ണൂർ ജില്ലയിൽ പലയിടത്തായി മോഷണം; നാലംഗസംഘം പിടിയിൽ

കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തുന്ന നാലംഗസംഘം തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി. പറശിനിക്കടവ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു.

പിടിയിലായ നാലുപേരും യുവാക്കളാണ്. ചേപ്പറമ്പ് സ്വദേശി അശ്വന്ത്, പറശിനിക്കടവ് സ്വദേശികളായ ബിനോയ്,ജിതേഷ്, കുറുമാത്തൂരിലെ വൈഷ്ണവ് എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. വിവിധ മോഷണക്കേസുകളുടെ അന്വേഷണത്തിനിടെ പിടിയിലായ കയ്യംതടത്തെ അശ്വന്ത് ശശിയെ ചോദ്യം ചെയ്തതില്‍ നിന്ന് കവര്‍ച്ച സംഘത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല്‍വര്‍സംഘചത്തെ കുടുക്കിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സുകളിൽ നിന്ന് പണവും മൊബൈൽ ഫോണുകളും, പുതിയ വീടുകൾ നിർമ്മിക്കുന്ന സ്ഥലങ്ങളിൽ സൂക്ഷിച്ചിരുന്ന വിലയേറിയ നിർമ്മാണ വസ്തുക്കളും കവർന്ന സംഘത്തിന് ഇരുപതിലേറെ മോഷണക്കേസുകളുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരുടെ മൊബൈൽ ഫോൺ പ്രതികൾ മോഷ്ടിച്ചതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. നിഫ്റ്റില്‍ പഠിക്കുന്ന മഹാരാഷ്ട്രാ സ്വദേശിയുടെ ബൈക്ക് കവര്‍ന്നതും ഈ സംഘം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.