വീട്ടിനുള്ളിലെ കുഞ്ഞുങ്ങളെ എടുത്ത് പുറത്തെത്തിച്ച് അതിവിദഗ്ധ കവർച്ച; പ്രതി അറസ്റ്റ്

രാത്രികാലങ്ങളില്‍ വീട്ടിനുള്ളില്‍ കയറി കുഞ്ഞുങ്ങളെ എടുത്ത് പുറത്തെത്തിച്ച് സ്വര്‍ണം കവര്‍ന്ന് കടന്നുകളയുന്നയാള്‍ അറസ്റ്റില്‍. കോഴിക്കോട് പെരുമണ്ണ സ്വദേശി ഹ്യൂണ്ടായ് അനസ് പിടിയിലായതോടെ നൂറിലധികം കേസുകള്‍ക്കാണ് തുമ്പുണ്ടായത്. പന്തീരാങ്കാവ് സി.ഐയുടെ നേതൃത്വത്തിലാണ് സിറ്റി സ്പെഷല്‍ സ്ക്വാഡും സംയുക്തമായി അനസിനെ പിടികൂടിയത്. 

രക്ഷിതാക്കള്‍ക്കൊപ്പം കിടക്കുന്ന കുഞ്ഞുങ്ങളെ കവര്‍ച്ചയ്ക്കിരയാക്കിയാല്‍ കുട്ടികള്‍ ബഹളം കൂട്ടും. ആളുകൂടും. തടികേടാകും. കുട്ടികളെ പുറത്തെത്തിച്ച് കവര്‍ച്ച നടത്തുന്ന രീതിയെക്കുറിച്ച് പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് അനസിന്റെ മറുപടി ലളിതം. ഉറങ്ങുന്ന കുട്ടിയെ അതേ മട്ടില്‍ പുറത്തെത്തിച്ച് സ്വര്‍ണവും വെള്ളിയും കവര്‍ന്ന ശേഷം ഉപേക്ഷിക്കുന്നതായിരുന്നു സുരക്ഷിതം. ജില്ലയിലെ ഒന്‍പത് പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുണ്ട്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട് മനസിലാക്കി ഉള്ളില്‍ കയറി സ്വര്‍ണവും മൊബൈലും കവരുന്നതും പതിവാണ്. ടെറസിലൂെടയും വിദഗ്ധമായി അകത്തുകടക്കും. രാത്രിയില്‍ ജനലുകള്‍ പതിവായി തുറന്നിടുന്ന വീട് അനസിന്റെ കണ്ണില്‍പ്പെട്ടാല്‍ കവര്‍ച്ചായിടമാകും. 

കുറ്റിക്കാട്ടൂരിനടുത്ത് ഗോശാലക്കുന്ന് ഹുസൈന്‍, പാറക്കണ്ടത്തുള്ള മാമുക്കോയ എന്നിവരുടെ വീടുകളില്‍ നിന്ന് കുഞ്ഞിനെ പുറത്തെത്തിച്ചുള്ള കവര്‍ച്ച പിറ്റേന്നാണറിഞ്ഞത്. ഇതര സംസ്ഥാനക്കാരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന ആക്ഷേപം അനസ് പിടിയിലായതോടെ നീങ്ങി. ശാസ്ത്രീയ പരിശോധനയും മൊബൈല്‍ വിളികളും പിന്തുടര്‍ന്നാണ് സ്െപഷല്‍ സ്ക്വാഡ് അനസിലേക്കെത്തിയത്. രാത്രികാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞുനോക്കുന്ന ചെറുപ്പത്തിലെ ശീലമാണ് കവര്‍ച്ചയ്ക്ക് പ്രേരണയായതെന്നാണ് അനസിന്റെ മൊഴി. മോഷണ വസ്തുക്കള്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ജ്വല്ലറികളില്‍ വില്‍പന നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

കവര്‍ച്ചാസാധനങ്ങള്‍ വിറ്റുകിട്ടുന്ന പണം മുംബൈ, ഗോവ പോലുള്ള സ്ഥലങ്ങളിലെ ആര്‍ഭാടജീവിതത്തിനാണ് അനസ് ഉപയോഗിച്ചിരുന്നത്. കവര്‍ച്ചയ്ക്ക് മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്നും പരിശോധിക്കും. പതിനെട്ട് വീടുകളിലെ കവര്‍ച്ചയെക്കുറിച്ച് കൃത്യമായ വിവരം പൊലീസിന് കൈമാറിയിട്ടുണ്ട്. തൊണ്ടി സാധനങ്ങളുള്‍പ്പെടെ പൊലീസ് കണ്ടെടുത്തു. മറ്റ് സ്റ്റേഷനുകളിലേക്കും അനസിനെ ചോദ്യം ചെയ്യുന്നതിനായി കൈമാറും.