ആദ്യം നിരോധിത മരുന്ന് ആവശ്യപ്പെട്ട് എത്തി; പിന്നാലെ മോഷണം

കോഴിക്കോട് നഗരത്തില്‍ വീണ്ടും മോഷണം. മാവൂര്‍ റോഡിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മൊബൈല്‍ ഫോണും മരുന്നുകളും മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും പൊലിസ് വേണ്ട രീതിയില്‍ അന്വേഷിക്കുന്നില്ലെന്നാണ് ആക്ഷേപം. 

ആര്‍പി മാളിന് സമീപത്തുള്ള ലൈഫ് ഇന്‍ ഹൈപ്പര്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് അ‍ഞ്ചംഗ സംഘം മോഷണം നടത്തിയത്. കടയിലെ ജീവനക്കാരന്‍ മറ്റൊരാള്‍ക്ക് മരുന്ന് എടുക്കുന്നതിനിടെയായിരുന്നു മോഷണം. 

ഡോക്ടുടെ കുറിപ്പടിയുമായെത്തിയ അഞ്ചംഗ സംഘം നിരോധിത മരുന്ന് വേണമെന്ന് ആവശ്യപ്പെട്ടു.കുറിപ്പടി കൃതൃമമായി ഉണ്ടാക്കിയതാണോ എന്ന സംശയത്താല്‍ സ്റ്റോക്കില്ലെന്ന് പറഞ്ഞ് തിരിച്ചയപ്പോള്‍ മറ്റൊരാള്‍ എത്തി വേറെ മരുന്ന് ആവശ്യപ്പെട്ടു. ഇതെടുക്കാനായി അകത്തേക്ക് പോയ തക്കത്തിലാണ് ഫോണും മരുന്നുകളും കൈക്കലാക്കിയത്. 

എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ സൈബര്‍ സെല്‍ പരിശോധിക്കുകയാണെന്നും പൊലിസ് അറിയിച്ചു. നഗരത്തിലെ സ്ഥിരം കവര്‍ച്ചക്കാരല്ല മോഷണത്തിന് പിന്നിലെന്നാണ് നിഗമനം.