6 വയസ്സുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റ്; തെളിഞ്ഞത് 200–ലേറെ ബലാല്‍സംഗക്കേസ്‍; നടുങ്ങി ലോകം

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് വിമുക്ത സര്‍ജന്‍ അറസ്റ്റിലായപ്പോള്‍ തെളിഞ്ഞത് 200–ലധികം പീഡന കേസുകള്‍. മുന്‍ സര്‍ജനായ 68–കാരനായ ജോയല്‍ ലേ സ്കോര്‍നകാണ് 200–ലധികം കുട്ടികളെ ബലാല്‍സംഗത്തിനിരയാക്കിയത്. ഫ്രാന്‍സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാലപീഡന സംഭവമായി മാറുകയാണ് ഇത്. അടുത്ത വീട്ടിലെ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും അശ്ലീലത കാണിക്കുകയും ചെയ്തതിനാണ് കേസിന്‍റെ തുടക്കം. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പശ്ചിമ മധ്യ ഫ്രാന്‍സിലെ വിവിധയിടങ്ങളില്‍ സര്‍ജനായി ജോലി ചെയ്തിരുന്ന കാലത്ത് നടത്തിയ പല കുറ്റകൃത്യങ്ങളും പുറത്ത് വന്നിരിക്കുന്നത്. ലോകത്തെ നടുക്കിയ കേസായി മാറിയിരിക്കുന്നു ഇപ്പോള്‍ ഇത്. 

സംഭവത്തിന്റെ തുടക്കം ഇങ്ങനെ: 2017 ആദ്യം യോന്‍സാക്ക് നഗരത്തിലെ അയല്‍ക്കാര്‍ തങ്ങളുടെ ആറു വയസ്സുകാരിയെ ജോയല്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് രംഗത്ത് വന്നു. പിന്നാലെ ജോയലിനെതിരേ കേസുകള്‍ ഒന്നൊന്നായി പുറത്തു വന്നു. ബന്ധുവായ പെണ്‍കുട്ടിയും പ്രായപൂര്‍ത്തിയാകാത്ത ജോയലിന്റെ രോഗിയുമായിരുന്നു ലൈംഗികാരോപണം ഉന്നയിച്ച് പിന്നെ രംഗത്ത് വന്നത്. 

രഹസ്യഡയറിയുടെ വരവ്

പുതിയ ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം നടക്കുന്ന സാഹചര്യത്തിലായിരുന്നു ലേ സ്‌കോര്‍നകിന്റെ രഹസ്യഡയറി പോലീസ് കണ്ടെത്തിയത്. ഇതില്‍ അനേകം കുട്ടികളുടെ ലൈംഗിക ചിത്രങ്ങളടക്കം പോലീസ് കണ്ടെടുത്തു. ഓരോരുത്തരുടെയും പേരുവിവരങ്ങള്‍ കൃത്യമായി ഇതില്‍ രേഖപ്പെടുത്തിയിരുന്നു. പോലീസ് ഇവരെ ഓരോരുത്തരെയും കണ്ടെത്തി വിവരശേഖരണം നടത്തി. 

250 ഇരകളില്‍ ആരും തന്നെ പോലീസിനെ സമീപിച്ചിരുന്നില്ല. ഇതില്‍ പോലീസ് ചോദ്യം ചെയ്ത 209 പേരും ലൈംഗിക പീഡനത്തിന്റെ അനുഭവം ഓര്‍മ്മിച്ചെടുത്തു.  ഇരകളില്‍ 184 പേര്‍ ഇയാള്‍ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചു. ഇതുവരെ ആരോടും പറയാതിരുന്ന ദുരനുഭവം പലരും വെളിപ്പെടുത്തിയതോടെയാണ് അന്വേഷണങ്ങള്‍ക്ക് പുതിയ മാനം കൈവന്നത്.