വീട്ടമ്മയുടെ കൊലപാതകം: വിരലടയാളങ്ങള്‍ ലഭിച്ചില്ല; പ്രതീക്ഷ സൈബര്‍ സെല്‍ അന്വേഷണത്തില്‍

ഇരിങ്ങാലക്കുടയിലെ വീട്ടമ്മയുടെ കൊലയാളി കയ്യുറ ധരിച്ചിരിക്കാന്‍ സാധ്യതയെന്ന് പൊലീസ് നിഗമനം. ആലീസിന്‍റെ വീട്ടില്‍ നിന്ന് കൊലയാളിയുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങള്‍ ലഭിച്ചിട്ടില്ല. സൈബര്‍ സെല്ലിന്‍റെ അന്വേഷണത്തിലാണ് ഇനി പ്രതീക്ഷ. 

ഒരു കൊലപാതകം നടന്നാല്‍ പൊലീസ് പൊതുവെ പയറ്റുന്ന അടവുകളെല്ലാം ആലീസ് കൊലക്കേസില്‍ ഇതിനോടകം പയറ്റി. നാട്ടുകാര്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, ശത്രുതയുള്ളവര്‍ അങ്ങനെ വിവിധ പട്ടികകള്‍ തയാറാക്കി അന്വേഷണം. ഇതിലൊന്നും കൊലയാളിയെ തിരിച്ചറിയാന്‍ പാകത്തിലുള്ള സൂചനകളില്ല. സിസിടിവി കാമറകള്‍, നാട്ടുകാരുടെ മൊഴികള്‍ ഇതെല്ലാം പരിശോധിച്ചിട്ടും കൊലയാളിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ആലീസിന്‍റെ വീടുമായി നിരന്തരം ബന്ധംപുലര്‍ത്തുന്നവര്‍, അവരുടെ പരിചയക്കാര്‍ ബന്ധുക്കള്‍ അങ്ങനെ പലരേയും വിളിച്ചുവരുത്തി ചോദ്യംചെയ്തു. 

അവര്‍ പറയുന്ന കാര്യങ്ങള്‍ വീണ്ടും പരിശോധിക്കുമ്പോള്‍ അപാകതകളില്ല. കൊലയാളി പ്രഫഷനല്‍ കില്ലര്‍ ആണെന്ന നിഗമനത്തിലേക്ക് പൊലീസിന്‍റെ അന്വേഷണം തിരിഞ്ഞിട്ടുണ്ട്. സ്വര്‍ണ വളകള്‍ കൈകളില്‍ അണിയുന്നത് ശ്രദ്ധിച്ച് അതു തട്ടിയെടുക്കാന്‍ നടത്തിയ ആസൂത്രിത കൊലപാതകമെന്നാണ് നിഗമനം. ലഹരിമരുന്നിന് അടിമയായ ഒരാളാകം കൊലയാളിയെന്നും പൊലീസ് ഊഹിക്കുന്നുണ്ട്. ഇത്രയും ക്രൂരമായി കഴുത്തില്‍ മുറിവുണ്ടാക്കി സ്വര്‍ണം തട്ടിയെടുക്കാന്‍ അത്തരക്കാര്‍ ശ്രമിക്കാം. സ്ഥിരം കഞ്ചാവു ഉപയോഗിക്കുന്നവരും പൊലീസിന്‍റെ നിരീക്ഷണത്തിലുണ്ട്. 

സൈബര്‍ സെല്ലും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. സംഭവ ദിവസം രാവിലെ പത്തിനും പന്ത്രണ്ടിനും മധ്യേ ഈസ്റ്റ് കോമ്പാറയിലുണ്ടായിരുന്ന ഫോണ്‍ കോളുകള്‍ ഓരോന്നും പരിശോധിച്ചു വരികയാണ്. കൊല നടന്ന ദിവസം സ്വിച്ച് ഓഫായ ഫോണ്‍ നമ്പറുകളും പരിശോധിക്കുന്നുണ്ട്.