കൊലക്കേസ് കേരള പൊലീസ് എഴുതിത്തള്ളി; ചുരുളഴിച്ച് തമിഴ്നാട് പൊലീസ്; ജീവപര്യന്തം

ഒറ്റപ്പാലം കണ്ണിയംപുറത്ത് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തി പണം കവർന്ന കേസിൽ പ്രതിക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂ‌പ പിഴയും. കോയമ്പത്തൂർ കുപ്പന്നൂർപേരൂർ ശിവകുമാർ എന്ന സെന്തിലാണ് പ്രതി.

കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയ കേസിലാണ് കോയമ്പത്തൂർ കുപ്പന്നൂർപേരൂർ ശിവകുമാർ എന്ന സെന്തിലിനെ ഒറ്റപ്പാലം ജില്ലാ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 വർഷം കഠിന തടവു കൂടി അനുഭവിക്കണമെന്നും കൊല്ലപ്പെട്ട നടരാജന്റെ കുടുംബത്തിന് വിക്ടിം കോംപൻസേഷൻ ആക്ട് പ്രകാരം സർക്കാരിന്റ ധനസഹായത്തിന് അപേക്ഷിക്കാമെന്നും വിധിയിൽ പറയുന്നു. 

റോൾഡ് ഗോൾഡ് നിർമാണ തൊഴിലാളിയായിരുന്ന നടരാജനെ 2004 ജൂൺ 30 നാണ് വാടക വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോക്കറ്റിലുണ്ടായിരുന്ന 9000 രൂപ കവർച്ച ചെയ്യപ്പെട്ടിരുന്നു. സാഹചര്യ തെളിവുകൾ പ്രകാരം സംഭവ ദിവസം നടരാജനെ കാണാനെത്തിയ സെന്തിലിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കൊലപാതകത്തിനു ശേഷം കാണാതായ സെന്തിലിനെ പിടികൂടാൻ  കഴിയാതിരുന്ന പൊലീസ് 2009ൽ കേസ് എഴുതി തള്ളി. ഇതിനു ശേഷം സെന്തിൽ 2013ൽ മറ്റൊരു കൊലപാതക കേസിൽ ചെന്നൈ ഗിണ്ടി പൊലീസിന്റെ പിടിയിലായതോടെയാണ് കണ്ണിയംപുറം കേസിന്റെ ചുരുളഴിഞ്ഞത്. 

വിവരമറിഞ്ഞ ഒറ്റപ്പാലം പൊലീസ് പുനരന്വേഷണത്തിന് അനുമതി തേടി കോടതിയെ സമീപിച്ചു. ചെന്നൈ സെൻട്രൽ ജയിലെത്തി ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തി കോടതി മുഖേന സെന്തിലിനെ  കസ്റ്റഡിയിൽ വാങ്ങി. 2014ൽ  കുറ്റപത്രവും  സമർപ്പിച്ചു. ഒറ്റപ്പാലത്ത് റിമാൻഡിൽ കഴിഞ്ഞിരുന്ന സെന്തിലിനു പിന്നീട് പാലക്കാട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. വീണ്ടും മുങ്ങിയ ഇയാളെ കഴിഞ്ഞ വർഷം, ലോങ് പെന്റിങ് കേസുകൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. വീട്ടുടമയായ 78 കാരി ഉൾപ്പടെ 15 സാക്ഷികളെ കോടതി വിസ്തരിച്ചു.