പൊലീസുകാര്‍ അകാരണമായി മര്‍ദ്ദിച്ചു; പരാതിയുമായി ഹോട്ടൽ ജീവനക്കാരൻ

കോട്ടയത്ത് രാത്രികാല പരിശോധനയ്ക്കിടെ പൊലീസുകാര്‍  ഹോട്ടല്‍ ജീവനക്കാരനെ അകാരണമായി മര്‍ദ്ദിച്ചതായി പരാതി. കൊല്ലം സ്വദേശി സലാമിനാണ് ഒരാഴ്ച മുന്‍പ് മര്‍ദനമേറ്റത്. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതോടെ ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി പൊലീസുകാര്‍ രംഗത്തെത്തി 

നാഗമ്പടത്തെ ഹോട്ടലിലെ ജീവനക്കാരനാണ് കൊല്ലം സ്വദേശിയായ സലാം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സുഹൃത്തിനെ കാണാന്‍ തിരുനക്കര ബസ് സ്റ്റാന്‍ഡിന് സമീപം കാത്തുനില്‍ക്കെയാണ് പൊലീസുകാര്‍ സലാമിനെ മര്‍ദിച്ചത്. ബൈക്കിലെത്തിയ പൊലീസുകാര്‍ ആദ്യം മേല്‍വിലാസം ചോദിച്ചു. കൊല്ലം സ്വദേശിയാണെന്ന് പറഞ്ഞതോടെ കൊല്ലത്തുകാരനെന്താ കോട്ടയത്ത് കാര്യമെന്ന് ചോദിച്ചായിരുന്നു മര്‍ദനം. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐയുടെ നേതൃത്വത്തിലാണ് മര്‍ദിച്ചതെന്നാണ് പരാതി.

തുടര്‍ന്ന് സലാം താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സതേടി. പൊലീസ് മര്‍ദനമാണ് പരുക്കുകള്‍ക്ക് കാരണമെന്ന് ആശുപത്രി രേഖകളിലും വ്യക്തമാക്കുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സലാം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഇതോടെ സമവായ ശ്രമങ്ങളുമായി പൊലീസുകാര്‍ രംഗതെത്തി. ഇതിന് വഴങ്ങാതിരുന്നതോടെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നും സലാം ആരോപിക്കുന്നു. കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. നീതിക്കായി മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് സലാം.