ഓട്ടോ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 20 പേര്‍ക്കെതിരെ കൂടി കേസ്

കോഴിക്കോട് എലത്തൂരില്‍, സിഐടിയുക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 20 പേര്‍ക്കെതിരെ കൂടി കേസെടുത്തു. കേസിലകപ്പെട്ടവരുടെ എണ്ണം ഇതോടെ  30 ആയി. സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതികള്‍ എവിടെ എന്നതിനെക്കുറിച്ച് പൊലിസിന് വിവരങ്ങളൊന്നുമില്ല. എന്നാല്‍ സിഐടിയുവിന് കൃത്യത്തില്‍ പങ്കില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം. 

വായ്പ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ പറ്റാത്ത സമ്മര്‍ദ്ധത്തില്‍ 42 കാരനായ രാജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാക്കളായ ഒ. കെ. ശ്രീലേഷ്, ഷൈജു കാവോത്ത് എന്നിവരടക്കമുള്ള പത്ത് പേര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ പൊലിസ് കേസെടുത്തിരുന്നു. രാജേഷിനെ മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില‍്‍ നേരിട്ട് പങ്കാളികളായവരാണ് ഈ പത്ത് പേരും.  തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 20 പേര്‍ക്കെതിരെ കൂടി കേസെടുത്തത്. രാജേഷിന്‍റെ ഓട്ടോറിക്ഷയെ വിലക്കാന്‍ ഗൂഡാലോചന നടത്തിയവരാണ് ഇവര്‍. പ്രതികളെല്ലാം ഒളിവിലാണ്. മൊബൈല‍്‍ ഫോണുകളും സ്വിച്ച് ഓഫാണ്. അതിനാല്‍ തന്നെ ഇവര്‍ എവിടെയുണ്ടെന്നുള്ളതിനെക്കുറിച്ച് പൊലിസിന് യാതൊരു വിവരവുമില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണം സംഘം. അതിനിടെ കേസ് അട്ടിമറിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ധവും നടക്കുന്നുണ്ട്. എന്നാല്‍ സിഐടിയുവിന് സംഭവത്തില്‍ പങ്കില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം. ചിലര്‍ രാഷ്ട്രീയമായി വിഷയം മുതലാക്കാന്‍ ശ്രമിക്കുകയാണെന്നും സിഐടിയു ആരോപിക്കുന്നു.