മൽസ്യബന്ധന വള്ളം കാണാതായത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

കൊല്ലം ശക്തികുളങ്ങരയിൽ നിന്നു മൽസ്യബന്ധന വള്ളം കാണാതായത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വള്ളം മോഷ്ട്ടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മനുഷ്യക്കടത്തിന്റേത് അടക്കമുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.

ശക്തികുളങ്ങര പാലത്തിന് സമീപം കെട്ടിയിട്ടിരുന്ന അല്‍ഫോന്‍സാമ എന്ന വള്ളം വ്യാഴാഴ്ച്ച പുലര്‍ച്ചയോടെയാണ് കാണാതാത്. മൂന്നു വള്ളം തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടെണ്ണം മണ്ണിൽ പുതഞ്ഞതിനെ തുടർന്നു മോഷ്ടാക്കൾ അവ ഉപേക്ഷിച്ചു. മറ്റു വള്ളങ്ങളില്‍ നിന്നു മുന്നൂറ് ലിറ്ററിലധികം ഇന്ധനവും ജീവന്‍രക്ഷാ ഉപകരണങ്ങളും കാണാതായി. ശക്തികുളങ്ങര സിഐയ്ക്കാണ് അന്വേഷണ ചുമതല. സ്ഥിരം കുറ്റവാളികളോ ഇതര സംസ്ഥാന തൊഴിലാളികളോ ആകാം മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 

തീരങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ആ ദിശയിലും അന്വേഷണം പുരോഗമിക്കുന്നു. ശക്തികുളങ്ങര കേന്ദ്രീകരിച്ചു മുൻപു മനുഷ്യക്കടത്തു നടന്നിട്ടുള്ളതിനാല്‍ അതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. കാണാതായ വള്ളം കണ്ടെത്താനായി തീരസംരക്ഷണ സേനയുടെയും നാവിക സേനയുടെയും സഹായവും തേടിയിട്ടുണ്ട്.