സദാചാര ഗുണ്ടാ ആക്രമണം; കത്തികൊണ്ടുവന്നത് പെൺകുട്ടിയുടെ സുഹൃത്ത്

തൊടുപുഴ നഗരമധ്യത്തിൽ പട്ടാപ്പകൽ സദാചാര ഗുണ്ടാ ആക്രമണത്തിനിടെ കത്തിക്കുത്ത് ഉണ്ടായ സംഭവത്തിൽ കത്തി കൊണ്ടുവന്നത്  പെൺകുട്ടിയുടെ സുഹൃത്ത്. അക്രമികൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്. പ്രതികൾ ആശുപത്രി വിട്ടാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. 

തൊടുപുഴ സ്വദേശി  വിനു പ്രകാശൻ സുഹൃത്തായ പെൺകുട്ടിക്ക് ഒപ്പം തൊടുപുഴ നഗരത്തിലൂടെ  നടക്കുമ്പോൾ മൂന്നംഗ സംഘമെത്തി ഇവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഘർഷത്തിനിടെ വിനു അക്രമികളിൽ ഒരാളെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. കുത്താൻ ഉപയോഗിച്ച കത്തി, കുത്തുകൊണ്ട ലിബിന്റെ കയ്യിലുണ്ടായിരുന്നതാണെന്നും ലിബിൻ തന്റെ നേരെ കത്തി എടുത്ത് വീശിയപ്പോൾ കത്തി പിടിച്ചു വാങ്ങി കുത്തുക ആയിരുന്നു എന്നാണ് വിനു പ്രകാശൻ കഴിഞ്ഞ ദിവസം പൊലീസിനു മൊഴി നൽകിയത്. എന്നാൽ  വീണ്ടും ചോദ്യം ചെയ്തപ്പോൾ മൊഴി മാറ്റി. പെൺകുട്ടിക്ക് ഒപ്പം പഴങ്ങൾ  മുറിച്ചു കഴിക്കാനായി കരുതിയതാണ് കത്തി എന്ന് വിനു പറഞ്ഞു. 

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് വിനു. വിനുവിന്റെ കുത്തേറ്റ മലങ്കര പ്ലാന്റേഷൻ ചേലത്തിൽ ലിബിൻ ബേബി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സാദാചാര ഗുണ്ടാ സംഘത്തിന്റെ  ആക്രമണത്തിൽ തലയ്ക്കും കാലിനും പരുക്കേറ്റ വിനു പ്രകാശിനെ കൂടാതെ, ആക്രമണം നടത്തിയ സംഘത്തിലെ പുതുപ്പരിയാരം അനന്തു, പെരുമ്പിള്ളിച്ചിറ കരിമ്പിലക്കോട്ടിൽ ശ്യാംലിൻ എന്നിവർ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ ആണ്. 

സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സദാചാര ഗുണ്ടാ സംഘത്തിനെതിരെ പോക്സോ, പട്ടിക ജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമം , സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളിൽ പൊലീസ് കേസ് എടുത്തിരുന്നു. കത്തിക്കുത്ത് നടത്തിയ വിനുവിന്റെ പേരിൽ കൊലപാതക ശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.