വിഷം കലര്‍ന്ന മദ്യം കഴിച്ച് മരണം; കേസില്‍ അന്വേഷണം വഴിമുട്ടി

കോഴിക്കോട് കോടഞ്ചേരിയില്‍ വിഷം കലര്‍ന്ന മദ്യം കഴിച്ച് ആദിവാസി മരിച്ച കേസില്‍ അന്വേഷണം വഴിമുട്ടി. പൊലീസും എക്സൈസും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി അന്വേഷിച്ചെങ്കിലും പ്രതികളിലേക്കെത്താനായില്ല. അലംഭാവമെന്ന് ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി.   

ജൂണ്‍ 28 നാണ് സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളിയായ കൊലുമ്പന്‍ മദ്യം കഴിച്ചതിന് പിന്നാലെ കുഴഞ്ഞ് വീണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഗോപാലന്‍, നാരായണന്‍ എന്നിവരെ അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മദ്യത്തില്‍ ഫ്യുരിഡാന്റെ അംശം കണ്ടെത്തി. മദ്യത്തില്‍ വിഷം കലര്‍ന്നതാണ് കൊലുമ്പന്റെ മരണത്തിന് കാരണമായതെന്ന് വ്യക്തമായെങ്കിലും ഉറവിടം സംബന്ധിച്ച് ഒന്നും തെളിഞ്ഞില്ല. എസ്റ്റേറ്റിലെ ജീവനക്കാരനില്‍ തുടങ്ങി പ്രദേശത്ത് ചില്ലറ മദ്യവില്‍പന നടത്തിയിരുന്നയാളില്‍ വരെ അന്വേഷണമെത്തി. എന്നാല്‍ യഥാര്‍ഥ കാരണത്തിലേക്ക് ഉദ്യോഗസ്ഥര്‍ക്ക് എത്താനായില്ല. 

ഗോപാലനും നാരായണനും പലപ്പോഴായി മൊഴിമാറ്റിയെന്ന് പൊലീസ് പറയുന്നു. പലരും സംശയങ്ങള്‍ പറയുന്നതല്ലാതെ തെളിവായി ഒന്നും ശേഖരിക്കാനായില്ല. സമാന്തരമായി അന്വേഷണം നടത്തിയിരുന്ന എക്സൈസിന്റെയും നിഗമനം ഇതേരീതിയിലാണ്. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. നിലവിലെ സംഘത്തില്‍ വിശ്വാസമില്ലെന്ന് ആവര്‍ത്തിക്കുന്ന നാട്ടുകാര്‍ അടുത്തദിവസം യോഗം ചേര്‍ന്ന് പ്രതിഷേധപരിപാടികള്‍ക്ക് രൂപം നല്‍കും.