തൃശൂരിൽ ജ്വല്ലറി ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്നുലക്ഷം രൂപ കവർന്നു

തൃശൂർ കുണ്ടോളിക്കടവിൽ ജ്വല്ലറി ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്നുലക്ഷം രൂപ കവർന്നു. കോഴിക്കോട് ചെറുകുളം ജ്വല്ലറി ജീവനക്കാരന്റെ പണമാണ് തട്ടിയെടുത്തത്. 

പണയ ആഭരണങ്ങൾ  വിൽക്കാൻ സഹായിക്കുന്ന കോഴിക്കോട്  ചെറുകുളം ജ്വല്ലറി ജീവനക്കാരനായ തട്ടുംപുറത്ത് ശ്രീജിത്തിനെ ആക്രമിച്ചാണ് 3 ലക്ഷം രൂപ കവർന്നത്.  പണയത്തിലിരിക്കുന്ന സ്വർണം എടുത്ത് വിൽക്കാൻ ഉണ്ടെന്ന് കാട്ടി കോഴിക്കോടുള്ള ജ്വല്ലറിയിലേക്ക് വിളിയെത്തി.  ജ്വല്ലറി ജീവനക്കാരൻ ട്രെയിനിലാണ് തൃശൂരിൽ വന്നിറങ്ങിയത്. ശക്തൻ  സ്റ്റാന്റിൽ നിന്ന് ബസിലായിരുന്നു യാത്ര.  പാലയ്ക്കൽ ഇറങ്ങി കാറിൽ കയറി പോകാമെന്ന് വിളിച്ചയാൾ പറഞ്ഞു. കാറിൽ  പോകാറിലെന്നും പണയ സ്വർണം ഇരിക്കുന്ന സ്ഥാപനത്തിൽ വരാനും ജ്വല്ലറി ജീവനക്കാരനായ ശ്രീജിത്ത് പറഞ്ഞു. കുണ്ടോളിക്കടവിലെ ഗ്രീൻ ട്രേഡേഴ്സ്  പണ്ടം പണയം സ്ഥാപനത്തിനു മുന്നിൽ കാത്തു നിന്ന ശ്രീജിത്തിനടുത്ത് ഒരു കാർ നിർത്തി.  

കാറിൽ നിന്ന് ഇറങ്ങിയ യുവാവ് പണം പിടിച്ചു വാങ്ങാൻ ശ്രമിച്ചു. കുതറിയോടി പണമിടപാട് സ്ഥാപനത്തിൽ കയറിയ ശ്രീജിത്തിനെ  കാറിൽ ഉണ്ടായിരുന്ന മറ്റ് അഞ്ചു പേർ ചേർന്ന് ബലമായി കീഴ്പ്പെടുത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. അരയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപ കൈവശപ്പെടുത്തുകയായിരുന്നു എന്ന് ശ്രീജിത്ത് പറഞ്ഞു.

പ്രതികളെ കുറച്ച് അന്തിക്കാട് പൊലീസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. സമാന രീതിയിൽ പിടിച്ചുപറി നടത്തുന്ന സ്ഥിരം ഗുണ്ടാസംഘങ്ങളെ ചുറ്റിപ്പറ്റിയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.