മീൻ വിൽപനയുടെ മറവിൽ മദ്യവിൽപന; പുതിയാപ്പ സ്വദേശി അറസ്റ്റിൽ

മീന്‍വില്‍പനയുടെ മറവില്‍ മാഹി മദ്യം വീട്ടില്‍ സൂക്ഷിച്ച് വില്‍പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. കോഴിക്കോട് പുതിയാപ്പ സ്വദേശി വിജിത്ത് ലാലിനെയാണ് മദ്യം വാങ്ങാനെന്ന മട്ടിലെത്തിയ എക്സൈസ് സംഘം കുടുക്കിയത്. 

പരിചയക്കാരനെന്ന മട്ടില്‍ വിജിത്ത് ലാലിന്റെ മൊബൈലിലേക്ക് എക്സൈസ് ഉദ്യോഗസ്ഥന്റെ വിളിയെത്തി. ഇരുന്നൂറ്റി ഇരുപത് രൂപയുടെ മാഹി മദ്യത്തിന് ഇരുന്നൂറ് രൂപ കൂടി അധികമായി നല്‍കിയാല്‍ പറയുന്നിടത്ത് എത്തിക്കാമെന്ന് മറുപടി. പുതിയാപ്പ ബീച്ചില്‍ വന്നാല്‍ സൗകര്യമെന്ന് ഇരുകൂട്ടരും ഉറപ്പിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഇരുചക്രവാഹനത്തില്‍ മദ്യവുമായി വിജിത്ത് ലാലെത്തി. പണത്തിനായി കൈ നീട്ടുന്നതിനിടെ വേഷം മാറി കാത്തുനിന്ന എക്സൈസ് സംഘം പിടികൂടുകയായിരുന്നു. മദ്യശേഖരം സൂക്ഷിക്കുന്നത് സ്വന്തം വീട്ടിലെ രഹസ്യമുറിയിലെന്ന് മൊഴി. ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് മാഹിയിലെ മദ്യശാലകളെ വെല്ലുന്ന തരത്തില്‍ മുറിക്കുള്ളില്‍ വ്യത്യസ്ത ഇനം മദ്യശേഖരം കണ്ടത്. ഏത് തരക്കാര്‍ക്കും ഇരുപത്തി നാല് മണിക്കൂറും നല്‍കുന്നതിനുള്ള മാഹിയില്‍ മാത്രമുള്ള അംഗീകൃത ലഹരി. 

90 കുപ്പികളിലായി നാല്‍പത്തി എട്ട് ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. മാഹിയില്‍ നിന്ന് മദ്യമെത്തിച്ചുള്ള വില്‍പന ഏറെ നാളായി തുടരുന്നതായി വിജിത്ത് ലാല്‍ മൊഴി നല്‍കിയിട്ടുണ്ട്. ട്രെയിന്‍, ബസ് മാര്‍ഗമാണ് ലഹരികടത്തിന് തെരഞ്ഞെടുത്തിരുന്നത്. തീരത്തോട് ചേര്‍ന്നുള്ള ചില പതിവ് ഇടപാടുകാരായിരുന്നു ആവശ്യക്കാര്‍. ഓണക്കാലത്തെ വില്‍പനയ്ക്കുള്ള ആദ്യഘട്ട തയാറെടുപ്പ് കൂടിയാണ് എക്സൈസ് സംഘം തകര്‍ത്തത്.