അഭിലാഷ് വധക്കേസ്; ആറു പേര്‍ക്ക് ജീവപര്യന്തം കഠിനതടവ്

മുനമ്പം അഭിലാഷ് വധക്കേസില്‍ ഗുണ്ടാതലവന്‍ മുനമ്പം കൃഷ്ണനടക്കം ആറു പേര്‍ക്ക് ജീവപര്യന്തം കഠിനതടവ്. ഇതിനു പുറമേ പ്രതികള്‍ക്ക് 50,000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. 2005 മെയ് 19നാണ് ഗുണ്ടാത്തലവന്‍ മുനമ്പം അഭിലാഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.  

മുനമ്പം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അഭിലാഷിന്‍റെയും കൃഷ്ണന്‍റെയും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2005 മെയ് 19ന് രാത്രി സുഹൃത്തുമൊപ്പം ബൈക്കില്‍ വരികയായിരുന്ന അഭിലാഷിനെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. പെരുമ്പടന്ന പാടത്തേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ച അഭിലാഷിനെ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി.

മുനമ്പം അറമിപറമ്പില്‍ കൃഷ്ണന്‍ സഹോദരങ്ങളായ ബാബു, ബൈജു, ഇടക്കുകാരന്‍ സുരേഷ്, ഇരുങ്ങാംതുരുത്തി രമേഷ്, കണ്ണിക്കി പറന്പില്‍ കുമാര്‍ എന്നിവരെയാണ് പറവൂര്‍ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഇതില്‍ കൃഷ്ണന്‍, ബാബു, ബൈജു എന്നിവര്‍ ഒട്ടേറെ കേസുകളില്‍ പ്രതികളാണ്. വിധി കേള്‍ക്കാന്‍ ഇരുസംഘങ്ങളും കോടതി വളപ്പില്‍ തമ്പടിച്ചത് സംഘര്‍ഷ സാധ്യത സൃഷ്ടിച്ചിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ കൃഷ്ണന്‍റെ സംഘത്തില്‍പ്പട്ടവര്‍ കോടതി വളപ്പില്‍ വച്ച് കയ്യേറ്റം ചെയ്തു.