പത്തുവയസുകാരന് നടുറോഡിൽ ക്രൂരമർദനം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ഛത്തീസ്ഗഡിലെ റായ്പൂര്‍ ജില്ലയിലെ സരോണ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.

പൗരന്റെ സ്വത്തിനും ജീവനും സരക്ഷണം നല്‍കേണ്ട പൊലീസ് തന്നെ ദയയില്ലാത്തവരാകുന്ന ദൃശ്യമാണ് കാണുന്നത്. ഏകദേശം പത്ത് വയസുതോന്നിക്കുന്ന ആണ്‍കുട്ടിയെയാണ് മര്‍ദ്ദനത്തിനിരയായത്. കുട്ടിയെ വഴിയില്‍ പിടിച്ചുവെച്ചു അടിക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോയില്‍ കാണുന്ന മൂന്നുപൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്്തതു. വിഷയത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന്  റായ്പൂര്‍ എസ്.പി അറിയിച്ചു. അനില്‍ രാജ്പുത്, മുകേഷ് താക്കൂര്‍, കൃഷ്ണ രാജ്പുത് എന്നീ ഉദ്യോഗസ്ഥരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.

റയില്‍വേ സ്റ്റേഷനു സമീപം നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലുണ്ടായിരുന്ന റായ്പൂരിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് ദൃശ്യം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഒരാള്‍ കുട്ടിയെ പിടിച്ചുവെയ്ക്കുകയും മറ്റ് രണ്ട്്പേര്‍ സ്കൂട്ടറില്‍ ഇരുന്നുകൊണ്ട് മുഖത്തും തലയിലും പലതവണ അടിക്കുകയും വസ്ത്രമടക്കം ബലമായി അഴിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.  വീ‍ഡിയോ  പുറത്തുവന്നതിനു പിന്നാലെ പൊലീസിനെതിരെ വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ആഗസ്റ്റ് ഒൻപതിനാണ് കരളലിയിക്കുന്ന സംഭവം അരങ്ങേറിയത്.