ട്രെയിനിൽ കടത്തിയ 45 കിലോ കഞ്ചാവ് പിടികൂടി; ആന്ധ്ര സ്വദേശി അറസ്റ്റിൽ

ട്രെയിനില്‍ കടത്തുകയായിരുന്ന നാല്‍പ്പത്തി അഞ്ച് കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശി കോഴിക്കോട് അറസ്റ്റില്‍. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പതിവായി കഞ്ചാവെത്തിച്ചിരുന്ന ആന്ധ്ര സ്വദേശി ഗുണ സുബ്ബറാവുവിനെയാണ് റയില്‍വേ പൊലീസ് പിടികൂടിയത്. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് കോഴിക്കോട് മേഖലയിലെ വിവിധ ചെറുകിട കച്ചവടക്കാര്‍ക്കായി അന്വേഷണം തുടങ്ങി. 

ജനറല്‍ കംപാര്‍ട്ട്മെന്റില്‍ യാത്രക്കാരനാകും. ഉദ്യോഗസ്ഥരെക്കണ്ടാല്‍ ഉറക്കം നടിക്കും. ഇരിക്കുന്നതിന്റെ എതിര്‍ദിശയിലെ സീറ്റിനടിയില്‍ ചാക്കിലാക്കി കഞ്ചാവ് സൂക്ഷിക്കും. കേരളത്തിലേക്ക് കടന്നാലുടന്‍ ഓരോ റയില്‍വേ സ്റ്റേഷനിലും കാത്തുനില്‍ക്കുന്നവരെ ഫോണില്‍ ബന്ധപ്പെടും. അടയാളം പറഞ്ഞ് പത്ത് കിലോ വീതമുള്ള കഞ്ചാവ് പൊതി കൈമാറി തിരികെ വിജയവാഡയിലേക്ക് മടങ്ങും. ഗുണ സുബ്ബറാവുവിന്റെ ഈ രീതിയാണ് കൃത്യമായ നിരീക്ഷണത്തിനൊടുവില്‍ റയില്‍വേ പൊലീസ് പൊളിച്ചത്. കഞ്ചാവ് ശേഖരിക്കുന്നതിനും ഇടപാടുറപ്പിക്കുന്നതിനും പണം കൈമാറുന്നതിനും പ്രത്യേക ചുമതലക്കാരുണ്ട്.  

പരിശോധനക്കിടെ ഗുണ സുബ്ബറാവു ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ പാലക്കാട് ഡിവിഷനില്‍ കഞ്ചാവുള്‍പ്പെടെ വ്യാപകമായി ലഹരി പിടികൂടിയെന്നാണ് വിലയിരുത്തല്‍. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് ട്രെയിനില്‍ യാത്ര ചെയ്താണ് സംശയമുള്ളളവരുടെ പട്ടിക തയാറാക്കുന്നത്. 

പന്ത്രണ്ടുപേരുടെ ഫോണ്‍ നമ്പരുകളാണ് റയില്‍വേ പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇവരില്‍ പലരും നേരത്തെയും ലഹരികടത്തിന് പിടിയിലായവരാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.