താനൂര്‍ കാട്ടിലങ്ങാടിയിൽ വീടുകൾ കുത്തിതുറന്ന് 15 പവൻ സ്വർണം കവർന്നു

മലപ്പുറം താനൂര്‍ കാട്ടിലങ്ങാടിയിൽ മോഷണ പരമ്പര. രണ്ടു വീടുകളിൽ നിന്നായി പതിനഞ്ച് പവൻ സ്വർണ്ണമാണ് മോഷ്ടിച്ചത്. വീടുകൾ കുത്തിതുറന്ന് അകത്തുകയറിയ കള്ളന്‍ വീട്ടുകാരെ മയക്കിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാട്ടിലങ്ങാടി ഹൈസ്കൂളിന് സമീപം വ്യത്യസ്ഥ ദിവസങ്ങളിലായാണ് മോഷണം നടന്നത്. കാട്ടിലങ്ങാടി സ്വദേശി മുണ്ടത്തോട് മുഹമ്മദ് യൂസഫ്, വൈദ്യാരകത്ത് കുഞ്ഞി ബാവ എന്നിവരുടെ വീടുകളിലായിരുന്നു കവര്‍ച്ച. ചൊവ്വാഴ്ച്ച പുലർച്ചെയോടെയാണ് മുഹമ്മദ് യൂസഫിന്റെ വീട്ടിൽ കള്ളന്‍ കയറിയത്. ജനാല തകർത്ത ശേഷം അകത്ത് നിന്നും താക്കോൽ എടുത്ത് മുൻഭാഗത്തെ വാതിലിലൂടെ അകത്ത് കയറിയ മോഷ്ടാവ് യൂസഫിന്റെ ഭാര്യയുടെ കഴുത്തിൽ കിടന്ന മാലയും മകളുടെ പാദസരവും അലമാരയിൽ സൂക്ഷിച്ച രണ്ടു വളകളും ഒരു ജോടി കമ്മലും മോഷ്ടിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് വൈദ്യരകത്ത് കുഞ്ഞി ബാവയുടെ വീട്ടിൽ കവർച്ച നടന്നത്. മരുമകളുടെയും കുട്ടികളുടെയും അടക്കം പന്ത്രണ്ട് പവൻ സ്വർണ്ണമാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്.

സമീപത്തുള്ള ഒലിയിൽ മമ്മുട്ടിയുടെ വീട്ടിൽ മോഷണശ്രമം നടന്നെങ്കിലും വീട്ടുകാർ ഉണർന്നതോടെ കള്ളന്‍ രക്ഷപ്പെടുകയായിരുന്നു. താനൂർ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.