ഐഎംഎ ജൂവലറി തട്ടിപ്പിൽ പ്രതിഷേധം കടുക്കുന്നു; ഇത് വരെ ലഭിച്ചത് 28000 പരാതികൾ

ബെംഗളൂരുവിലെ ഐ എം എ ജൂവലറി തട്ടിപ്പ് കേസില്‍ പ്രതിഷേധം കടുക്കുന്നു. ഐ എം എ മാനേജ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള സ്കൂളിന് മുന്നിലും പ്രതിഷേധവുമായി നിക്ഷേപകരെത്തി. അതേസമയം ജൂവലറി ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാനെ ഇനിയും  കണ്ടെത്താനായിട്ടില്ല. 

എന്‍ഫോസ്മെന്‍റ് ഡയറക്ടറേറ്റും പ്രത്യേക അന്വേഷണ സംഘവും തിരച്ചില്‍ ഉൗര്‍ജിതമാക്കിയിട്ടും മുഹമ്മദ് മന്‍സൂര്‍ ഖാനെ കണ്ടെത്താനായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഐ എം എ മാനേജ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള ശിവാജി നഗറിലെ വികെ ഒബൈദുള്ള സ്കൂളിലേയ്ക്കും നിക്ഷേപകരെത്തിയത്. സ്കൂള്‍ നടത്തിപ്പിലും ക്രമക്കേടാരോപിച്ച് രക്ഷിതാക്കളും പ്രതിഷേധവുമായെത്തി. 

അതേസമയം  ഐ എം എ ജൂവലറിയുടെ എഴു ഡയറക്ടര്‍മാരുടെ വീടുകളിലും പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തി. എഴുപേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. മുഹമ്മദ് മന്‍സൂര്‍ ഖാന്‍ ദുബായിലേയ്ക്ക് കടന്നതിന്‍റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല.  

അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം ദുബായിലേയ്ക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ കേസ് സി ബി ഐക്ക് കൈമാറണമെന്ന ആവശ്യവും ശക്തമാണ്. ഇക്കാര്യങ്ങളുന്നയിച്ച് കോടതിയെ സമീപിക്കാനാണ് നിക്ഷേപകരുടെ തീരുമാനം. ഇതുവരെ 28000ത്തോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനിരയായവരിലേറെയും സാധാരണക്കാരാണ്.