പായൽ അനുഭവിച്ചത് കടുത്ത ജാതിപീഡനം; കുളിക്കാൻ പോലും അനുവദിച്ചിരുന്നില്ല

'പലതും സഹിച്ചാണ് ഇത്രയും നാൾ പഠിച്ചത്. അവളുടെ സാധനങ്ങൾ വലിച്ചെറിയുന്നതു പതിവായിരുന്നു. 4–5 ദിവസം കുളിക്കാൻ പോലും അനുവദിച്ചില്ല. വാട്സാപ് ഗ്രൂപ്പുകളിലടക്കം കളിയാക്കലുകൾ അസഹ്യമായിരുന്നു. പലവട്ടം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഓപ്പറേഷൻ തിയറ്ററിൽ പ്രവേശി‌പ്പിച്ചിരുന്നില്ല. പായലിന്റെ കിടക്കവിരിയിലാണ് മൂവരും കാൽ തുടച്ചിരുന്നത്. നിരന്തരം ജാതിപ്പേര് വിളിച്ച് പീഡിപ്പിച്ചിരുന്നു'-  പായലിന്റെ അമ്മ ആബിദ തഡ്‌വി മഹാരാഷ്ട്ര മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ പറയുന്നു.

ജാതിപീഡനത്തെ തുടർന്ന് ആദിവാസി വനിതാ ഡോക്ടർ പായൽ തഡ്‌വി (26) ജീവനൊടുക്കിയ കേസിൽ സീനിയർ ഡോക്ടർ അറസ്റ്റിൽ. സർക്കാർ ഉടമസ്ഥതയിലുള്ള മുംബൈ നായർ ആശുപത്രിയിലെ പിജി (ഗൈനക്കോളജി) വിദ്യാർഥിനിയായിരുന്ന പായലിന്റെ റൂം മേറ്റ് ഡോ. ഭക്തി മൊഹാറെയാണു പിടിയിലായത്. 

സീനിയർ വിദ്യാർഥികളായ ഡോ.ഹേമ അഹുജ, അങ്കിത ഖാൻഡേവാൾ എന്നിവർക്കായി തിരച്ചിൽ തുടരുന്നു. ചില കൂട്ടുകാരുമായി പായൽ അത്താഴവിരുന്നിന് പോയത് ഇഷ്ടപ്പെടാത്ത സീനിയേഴ്സ്, സംഘം ചേർന്നു ക്രൂരമായി അപമാനിച്ചതിനു പിന്നാലെയാണു ജീവനൊടുക്കിയതെന്നു ഭർത്താവ് ഡോ. സൽമാൻ പറഞ്ഞു. 

കുറ്റക്കാർക്കെതിരെ കർശന നടപടി തേടി ഒരു വിഭാഗം റസിഡന്റ് ഡോക്ടർമാർ പ്രക്ഷോഭം തുടരുകയാണ്. ‘ജസ്റ്റിസ് ഫോർ പായൽ’ എന്ന ക്യാംപെയിന് വൻ പ്രതികരണമാണു ലഭിക്കുന്നത്. ഈമാസം 22നാണു പായൽ ഹോസ്റ്റൽ മുറിയിൽ മരിച്ചത്. വിദ്യാർഥി സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും ശക്തമായ പ്രതിഷേധമുയർത്തിയതിനു ശേഷമാണ് അ‌ധികൃതരും സർക്കാരും ഇടപെട്ടത്. വകുപ്പ് മേധാവി ഡോ. വൈ.ഐ.ചിങ് ലിങ്ങിനെയും ആരോപണ വിധേയരായ 3 വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തതും പ്രതിഷേധത്തിനു ശേഷമാണ്.