സജികുമാറിന്റെ മരണം : ധനൂപ് എന്തിനിത് ചെയ്തു?; ഞെട്ടൽ മാറാതെ ഉറ്റവർ

മോനിപ്പള്ളി : ചേറ്റുകുളത്തിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. വെള്ളിയാഴ്ച രാത്രിയിൽ ഈ ഗ്രാമം ഉറങ്ങിയില്ല. മോനിപ്പള്ളി ദേവി ക്ഷേത്രത്തിലേക്കുള്ള ദേശതാലപ്പൊലി ചടങ്ങുകളിലും ബിജെപിയിലും  സജീവമായി പ്രവർത്തിച്ചിരുന്ന കിഴക്കേപ്പറമ്പിൽ (വെള്ളാമ്പാട്ട്) സജികുമാറിന്റെ മരണം സൃഷ്ടിച്ച ഞെട്ടിലിലാണ് ചേറ്റുകുളം. സജിയെ കുത്തിക്കൊലപ്പെടുത്തിയ പയസ്മൗണ്ട് പൊട്ടക്കാനായിൽ ധനൂപിനെ(33)  പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.

എന്തിനാണ് ധനൂപ് ഇതു ചെയ്തതെന്നു നാട്ടുകാർ ചോദിക്കുന്നു. സജിയുടെ മരണത്തോടെ ഭാര്യയും ഒൻപതു മാസം പ്രായമുള്ള മകളും അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ വരുമാന മാർഗമാണ് ഇല്ലാതായത്. 10 വർഷത്തോളം കാത്തിരുന്ന ശേഷമാണ് സജി–സിനി ദമ്പതികൾക്കു ഒരു പെൺകുഞ്ഞിനെ ലഭിച്ചത്. മകൾ തൻമയയ്ക്കു 9 മാസം പ്രായമായപ്പോൾ അച്ഛൻ യാത്രയായി.

സജിയും ധനൂപും തമ്മിൽ ഇതിനു മുൻപും വാക്കുതർക്കം ഉണ്ടായിട്ടുണ്ടെങ്കിലും കൊലപാതകത്തിൽ അവസാനിക്കുമെന്ന് ആരും കരുതിയില്ല. മൊബൈൽ ലൊക്കേഷൻ മനസിലാക്കിയാണ് പ്രതിയെ കണ്ടെത്തിയത്. പ്രിൻസിപ്പൽ എസ്ഐ ടി.ആർ.ദീപു, അഡീഷനൽ എസ്ഐമാരായ ശിവൻ, വി.പി.തങ്കച്ചൻ, എഎസ്‌ഐ സജിമോൻ, സിപിഓമാരായ ബിജു, ബാബു, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ വിജയപ്രസാദ്, നാസർ, ജോളി, പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് മണിക്കൂറുകൾ നീണ്ട തിരച്ചിൽ നടത്തിയത്.