തൂതപ്പൂരം കഴിഞ്ഞു മടങ്ങുമ്പോൾ ആക്രമണം; ആറു പേര്‍ക്ക് പരുക്ക്

പെരിന്തല്‍മണ്ണക്കടുത്ത് തൂതയില്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ ആറു പേര്‍ക്ക് പരുക്ക്. അന്‍പതിലധികം പേരുളള ഗുണ്ടാസംഘമാണ് ആയുധങ്ങളുമായെത്തി ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. തൂതപ്പൂരം കഴിഞ്ഞു മടങ്ങുമ്പോഴാണ് ഏകപക്ഷീയമായ ആക്രമണം. 

വാഴേങ്കടയില്‍ വച്ച്  ജാതിപ്പേര് വിളിച്ചെത്തിയ ആക്രമിസംഘം പൂരം കഴിഞ്ഞു മടങ്ങുകയായിരുന്ന അനീഷിനേയാണ് ആദ്യമായി ആക്രമിച്ചത്. ഓടി രക്ഷപ്പെട്ട അനീഷിന് തലക്കും കണ്ണിനും പരുക്കേറ്റു. 

പിന്നാലെ വാഴേങ്കടയില്‍ വെച്ചു തന്നെ ബാബുവിനും മര്‍ദനമേറ്റു. കൈക്കും തലക്കുമായി ബാബുവിന് സാരമായി പരുക്കേറ്റു. ശേഷം കണ്ണത്ത് കോളനിയിലെത്തി അക്രമിസംഘം കൃഷ്ണന്റെ വീടു തിരഞ്ഞു. വീട്ടിലുണ്ടായിരുന്ന ഷൈജുവിനെ പൊതിരെ തല്ലുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ അമ്മ ലീലക്കും ലീലയുടെ സഹോദരി കാളിക്കും  ഇരുമ്പ് വടികൊണ്ട് മര്‍ദനമേറ്റു.  ലീലയുടെ കണ്ണിന് മുറിവേറ്റു.

വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ക്കും ഗര്‍ഭിണിയായ സ്ത്രീകള്‍ക്കും പരുക്കുണ്ട്. കോളനിയിലെ വീടുകളുടെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വീടുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളിലും തൂത പൂരം കഴിഞ്ഞു മടങ്ങിയവര്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.