ഡയാലിസിസ് രോഗിക്ക് വെള്ളം നല്‍കി; പിന്നാലെ പണം തട്ടി ക്രൂരകൊല: അറസ്റ്റ്

ഡയാലിസിസ് രോഗിയായ വയോധികന് സഹായിക്കാനെന്ന വ്യാജേന വെള്ളം വാങ്ങിനൽകി ഓട്ടോയിൽ കയറ്റി ഇടവഴിയിൽ കൊണ്ടുപോയി തള്ളിയിട്ട് കൊന്നു. തളിപ്പറമ്പിലാണ് മനുഷ്യത്വം മരവിക്കുന്ന നരഹത്യ നടന്നത്. 16നു പുലർച്ചെ ബക്കളം എ.വി.ചന്ദ്രൻ(72) പ്ലാത്തോട്ടത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണു കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത്. സംഭവത്തിൽ നരഹത്യ ചുമത്തി ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ ചപ്പാരപ്പടവ് ചൊക്രന്റകത്ത് മുഹമ്മദിനെ(56) സിഐ എ.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു.

ഡയാലിസിസ് രോഗിയായ ചന്ദ്രൻ തളിപ്പറമ്പിലെ ക്ഷേത്രത്തിലേക്കു പോകാനാണ് 15ന് വൈകിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ, തളിപ്പറമ്പിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള പ്ലാത്തോട്ടം എന്ന സ്ഥലത്തെ ഇടുങ്ങിയ ഇടവഴിയിൽ മരിച്ച നിലയിൽ പിറ്റേന്ന് പുലർച്ചെ ഇദ്ദേഹത്തെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ചന്ദ്രന് ഇവിടെ വരേണ്ട കാരണമില്ലെന്നും കയ്യിലുള്ള പണവും മൊബൈൽ ഫോണും മോതിരവും കാണുന്നില്ലെന്നും ബന്ധുക്കൾ പൊലീസിൽ അറിയിച്ചു.

രാത്രി 12ന് ഒരു ഓട്ടോറിക്ഷയിൽ ചന്ദ്രൻ ഇവിടെ വന്നിറങ്ങുന്നതു നാട്ടുകാർ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐ എ.അനിൽകുമാറിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്ഥിരം മോഷണക്കേസ് പ്രതിയായ ചൊക്രന്റകത്ത് മുഹമ്മദാണ് ചന്ദ്രനെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയതെന്നു തെളിഞ്ഞത്. തുടർന്ന് ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ബസ് സ്റ്റാൻഡിൽ വച്ചാണ് മുഹമ്മദ് പിടിയിലായത്. ചോദ്യം ചെയ്തപ്പോഴാണ് അവശനായ വയോധികനോടു ചെയ്ത കൊടുംക്രൂരത പുറത്തു വന്നത്. 

ആഴ്ചയിൽ 4 തവണ ഡയാലിസിസ് ചെയ്തു ജീവൻ നിലനിർത്തുന്ന ചന്ദ്രൻ 15ന് രാത്രിയിൽ തീരെ അവശനായി ബസ് സ്റ്റാൻഡിൽ ഇരിക്കുന്നതു കണ്ട് മുഹമ്മദ് കാര്യങ്ങൾ അന്വേഷിക്കുകയും വെള്ളം വേണമെന്നു പറഞ്ഞപ്പോൾ വാങ്ങി കൊടുക്കുകയും ചെയ്തു. തന്നെ ബക്കളത്തേക്ക് ഓട്ടോയിൽ കയറ്റി വിടാമോ എന്ന് ചന്ദ്രൻ ചോദിച്ചപ്പോൾ ഒരു ഓട്ടോയിൽ കയറ്റി രാത്രി 12ന് പ്ലാത്തോട്ടത്തെ വിജനമായ സ്ഥലത്ത് എത്തിക്കുകയും ഇദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന 2100 രൂപയും ഒരു പവനോളം വരുന്ന മോതിരവും മൊബൈൽ ഫോണും എടുത്ത ശേഷം സമീപത്തെ ഇടവഴിയിൽ തള്ളുകയുമായിരുന്നു. 

തുടർന്ന് മുഹമ്മദ് സ്ഥലം വിടുകയും ചന്ദ്രൻ അവിടെക്കിടന്നു മരിക്കുകയും ചെയ്തു. വീട്ടിൽ എത്തിച്ചിരുന്നുവെങ്കിൽ ഇയാൾ മരിക്കില്ലായിരുന്നുവെന്നു പൊലീസ് പറ‍ഞ്ഞു. ചന്ദ്രനിൽ നിന്ന് മുഹമ്മദ് കവർന്ന മോതിരം 21,000 രൂപയ്ക്ക് കണ്ണൂരിലെ ജ്വല്ലറിയിൽ വിൽപന നടത്തിയതു പൊലീസ് കണ്ടെടുത്തു. ചന്ദ്രന്റെ മൊബൈൽ ഫോണും ഇയാളിൽ നിന്നു കണ്ടെടുത്തു. എസ്ഐ സി.വിജയൻ, സീനിയർ സിപിഒ അബ്ദുൽ റൗഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ മുഹമ്മദിനെ റിമാൻഡ് ചെയ്തു.