റെന്റ് എ കാറിന്റെ മറവിൽ കഞ്ചാവ് വിൽപ്പന; നാലംഗ സംഘം പിടിയിൽ

റെന്റ് എ കാറിന്റെ മറവിൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന വൻസംഘം കോതമംഗലത്ത് എക്സൈസിന്റെ പിടിയിലായി. സംഘം ഉപയോഗിച്ചിരുന്ന ഇന്നോവ കാറും രണ്ട് ഇരുചക്രവാഹനങ്ങളും നേരത്തെതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സംഘാംഗമായ ഒരാള്‍ നേരത്തെ കീഴടങ്ങിയിരുന്നു.

ഊന്നുകൽ സ്വദേശികളായ മുളമ്പല്‍  അജ്മൽ റസാക്ക്, അമീർ റസാക്ക്, നോക്കര കണ്ണൻ എന്ന് വിളിക്കുന്ന ജിതിൻ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. സംഘാംഗമായ ഊന്നുകൽ തേങ്കോട് സ്വദേശി  റ്റിജോ ജോയിയാണ് നേരത്തെ കീഴടങ്ങിയത്. മറ്റ് നിരവധി ക്രിമിനൽ കേസുകളിലും ഇവർ പ്രതികളാണ്. മുഖ്യപ്രതിയായ അമീർ റസാക്കിന്റെ പേരിൽ മാത്രം പത്തോളം വാഹനങ്ങൾ ഉണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികൾ പതിനഞ്ചോളം വാഹനങ്ങൾ കഞ്ചാവ് കടത്തുന്നതിനും വിൽപ്പന നടത്തുന്നതിനും ഉപയോഗിച്ചിരുന്നതായും എക്സൈസ് സംഘം കണ്ടെത്തി . ഇതരസംസ്ഥാനങ്ങളിൽനിന്ന് സംഘം നിരന്തരം ആഡംബര വാഹനങ്ങളിൽ കഞ്ചാവ് കടത്തിയിരുന്നു.

പരീക്കണ്ണി ഭാഗത്തുള്ള റബർ എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും കൈമാറ്റവും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന്  നടത്തിയ റെയ്ഡിലാണ് രണ്ട് ഇരുചക്രവാഹനങ്ങളും ഒരു  കാറും എക്സൈസ് സംഘം നേരത്തെ കസ്റ്റഡിയിലെടുത്തത്. അന്ന് പ്രതികള്‍ നാലുപേരും ഓടി രക്ഷപ്പെടുകയായിരുന്നു. അരക്കിലോയോളം കഞ്ചാവായിരുന്നു അന്ന് പിടിച്ചെടുത്തത്.