കാട്ടുപന്നിയുടെ ഇറച്ചിയുമായി നാലുപേര്‍ അറസ്റ്റിൽ

കോഴിക്കോട് ചെമ്പുകടവില്‍ കാട്ടുപന്നിയുടെ ഇറച്ചിയുമായി നാലുപേര്‍ അറസ്റ്റില്‍. ചെമ്പുകടവ്, പുതുപ്പാടി സ്വദേശികളായ നാല് സുഹൃത്തുക്കളാണ് ഇറച്ചി പാകപ്പെടുത്തുന്നതിനിടയില്‍ വനംവകുപ്പിന്റെ പിടിയിലായത്. പന്നിയെ കിട്ടിയെന്ന് കരുതുന്ന സ്ഥലത്തിന്റെ ഉടമയുള്‍പ്പെടെ രണ്ടുപേര്‍ ഒളിവിലാണ്. 

അടിവാരം വള്ളിയാടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നാണ് പന്നിയെക്കിട്ടിയത്. ചത്തനിലയില്‍ കണ്ട പന്നിയെ ഇറച്ചിക്കായി ഇവര്‍ ശേഖരിച്ചുവെന്നാണ് മൊഴി. ചെമ്പുകടവിലെ ഷാജി ജോസഫിന്റെ വീട്ടില്‍ പന്നിയിറച്ചി വെട്ടിമാറ്റുന്നതിനിടയിലാണ് വനംവകുപ്പ് നാലുപേരെയും പിടികൂടിയത്. ചെമ്പ് കടവ് സ്വദേശികളായ ഭാസ്കരന്‍, വര്‍ഗീസ്, പുതുപ്പാടി സ്വദേശി ഗിരീഷ് എന്നിവരാണ് പിടിയിലായത്. പന്നിയുടെ മുടി നീക്കം ചെയ്ത് ഒരു കാല്‍ അറുത്തുമാറ്റിയ നിലയിലായിരുന്നു. ഇറച്ചി പാകപ്പെടുത്തുന്നതിനുള്ള ഒരുക്കത്തിലായിരുന്നു സംഘം. 

പുരയിടത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയെന്ന മൊഴി പൂര്‍ണമായും വനംവകുപ്പ് വിശ്വസിച്ചിട്ടില്ല. ഏതെങ്കിലും തരത്തില്‍ കെണിയില്‍പ്പെട്ടതാണോ എറിഞ്ഞ് വീഴ്ത്തിയതാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. വസ്തുവിന്റെ ഉടമയുള്‍പ്പെടെ രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. ഇവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. മരണകാരണം സംബന്ധിച്ച് കൂടുതലറിയാന്‍ പന്നിയുടെ ശരീരം പോസ്റ്റുമോര്‍ട്ടം നടത്തും.