പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്, തന്ത്രപൂർവം അറസ്റ്റ്

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അറസ്റ്റില്‍. ആഷിഖ് എന്ന സുലൈമാനെയാണ് മറ്റൊരു തട്ടിപ്പിന് ശ്രമിക്കുന്നതിനിടെ കോഴിക്കോട് തിരുവമ്പാടി പൊലീസ് പിടികൂടിയത്. 

വേഷം മാറിയുള്ള കവര്‍ച്ചയാണ് പതിവ്. മൊബൈല്‍ ഫോണും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കടത്തിയതിന് ആഷിഖ് പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ചില ഇടപെടലുകള്‍ നടത്തുകയായിരുന്നു. മുക്കം, തിരുവമ്പാടി, താമരശേരി പൊലീസ് സ്റ്റേഷനുകളിലേക്ക് പൊലീസ് മേലധികാരിയെന്ന് പരിചയപ്പെടുത്തി വിവിധ ആവശ്യങ്ങളറിയിക്കുകയായിരുന്നു. 

സംസാരത്തില്‍ സംശയം തോന്നിയ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. പിന്നാലെ തന്ത്രപരമായി വിളിച്ചുവരുത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവമ്പാടി സ്റ്റേഷന്‍ പരിധിയില്‍ കൂടരഞ്ഞിയിലെ ബസ് സ്റ്റേഷനോട് ചേര്‍ന്നുള്ള മൊബൈല്‍ കടയിലെ കവര്‍ച്ചയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായി. പന്ത്രണ്ടിലധികം കേസുകളെക്കുറിച്ച് ആഷിഖ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മൂന്നിടങ്ങളിലെ കവര്‍ച്ചാ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ആഷിഖ് പിടിയിലായതറിഞ്ഞ് നിരവധിയാളുകള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നുണ്ട്.