കൊടുങ്ങല്ലൂരിൽ വെള്ളി ആഭരണശാലയില്‍ വന്‍കവര്‍ച്ച; ദൃശ്യങ്ങൾ പുറത്ത്

കൊടുങ്ങല്ലൂര്‍ നഗരമധ്യത്തിലെ‍ വെള്ളി ആഭരണശാലയില്‍ വന്‍കവര്‍ച്ച. ഇരുപതു കിലോ വെള്ളി കവര്‍ന്നു. പതിനഞ്ചു ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.  സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 

ഓടിട്ട മേല്‍ക്കൂരയായിരുന്നു കൊടുങ്ങല്ലൂര്‍ കണ്ണകി ജ്വല്ലറിയുടേത്. ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് മരത്തിന്റെ സീലിങ് പൊളിച്ചു. പുറത്തിരുന്ന വെള്ളി ആഭരണങ്ങള്‍ ചാക്കിലാക്കി. ഏകദേശം ഇരുപതു കിലോ വെള്ളി ആഭരണങ്ങള്‍. ജ്വല്ലറിക്കുള്ളില്‍ ലോക്കറിനകത്ത് കൂടുതല്‍ വെള്ളി ആഭരണങ്ങളുണ്ടായിരുന്നു. പക്ഷേ, ഈ ലോക്കര്‍ തുറക്കാന്‍ മോഷ്ടാവിന് കഴിഞ്ഞില്ല. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കയറു കെട്ടി മോഷ്ടാവ് അകത്തേയ്ക്ക് ഊഴ്ന്നിറങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. മേശയ്ക്കു മീതെ കസേരയിട്ടാണ് കള്ളന്‍ തിരിച്ച് വന്നവഴിക്കുതന്നെ മടങ്ങിയത്.

സ്വര്‍ണാഭരണ ജ്വല്ലറിയും തൊട്ടടുത്തുതന്നെയാണ്. അവിടെ മോഷണശ്രമം നടന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ല. മോഷ്ടാവ് സിസിടിവി കാമറയുടെ വയര്‍ മുറിച്ചു മാറ്റിയിരുന്നു. പക്ഷേ, അപ്പോഴേക്കും മോഷ്ടാവിന്റെ മുഖം കാമറയില്‍ പതിഞ്ഞത് പൊലീസിനു തുണയായി. മോഷ്ടാവിനെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പൊലീസ് പ്രചരിപ്പിക്കുന്നുണ്ട്. വിരലടയാള വിദഗ്ധര്‍ക്ക് ജ്വല്ലറിക്കുള്ളില്‍ നിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന വിരലടയാളങ്ങള്‍ ലഭിച്ചു. കൊടുങ്ങല്ലൂര്‍ നഗരമധ്യത്തില്‍ അരങ്ങേറിയ കവര്‍ച്ച വ്യാപാരികളേയും ജനങ്ങളേയും ഒരുപോലെ ഭീതിയിലാക്കി.