കോഴിക്കോട് വീടിന് നേരെ അഞ്ജാതര്‍ വെടിയുതിര്‍ത്തു

കോഴിക്കോട് കിനാലൂരില്‍ രാത്രിയില്‍ വീടിന് നേരെ അഞ്ജാതര്‍ വെടിയുതിര്‍ത്തു. പാറത്തലയ്ക്കല്‍ ബാബുരാജിന്റെ വീടിന്റെ ജനല്‍പ്പാളി തകര്‍ത്ത് ചുമരിലേക്ക് വെടിയുണ്ട തുളച്ചുകയറുകയായിരുന്നു. നായാട്ട് സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം. 

രാത്രി പത്ത് അന്‍പതോടെയായിരുന്നു സംഭവം. ബാബുരാജും കുടുംബവും വിളക്കണച്ച് ഉറങ്ങാന്‍ കിടന്നപ്പോഴാണ് കാതടപ്പിക്കുന്ന ശബ്ദം കേട്ടത്. ചില്ല് തകര്‍ത്ത് വെടിയുണ്ട ചുമരും തുളച്ച് താഴെ വീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്. വീടിന്റെ അധികം അകലെയല്ലാതെ നിന്നുള്ള ആക്രമണമെന്നാണ് സൂചന. ഒരു കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ വരെ വെടിയൊച്ച കേട്ടെത്തിയതായിപ്പറയുന്നു. 

പ്രദേശത്ത് സര്‍ക്കാരിന്റെ ഉടമസ്ഥതതയിലുള്ള ഏക്കര്‍ക്കണക്കിന് ഭൂമി തരിശായുണ്ട്. ഈ മേഖലയില്‍ കാട്ടുപന്നിയെ വെടിവയ്ക്കാനെത്തുന്ന സംഘം സജീവമാണ്. അത്തരമൊരു ആക്രമണ സാധ്യതയാണ് പൊലീസ് സംശയിക്കുന്നത്. വെടിയേറ്റത് മാറിയതാകാം. അതല്ലെങ്കില്‍ മദ്യലഹരിയില്‍ യുവാക്കള്‍ ബോധപൂര്‍വം ചെയ്തതാകാം. ബാലുശേരി പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. സര്‍ക്കാര്‍ കോളജിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്നതും മറ്റ് സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറയും പരിശോധിച്ചു. രാത്രിയില്‍ കടന്നുപോയ വാഹനങ്ങളും വ്യക്തികളെക്കുറിച്ചും കൃത്യമായ വിവരം ശേഖരിക്കുന്നതിനാണ് ശ്രമം. കേട്ടുകേള്‍വിയില്ലാത്ത വെടിയൊച്ച നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ട്.