തട്ടുകട വാടകയെച്ചൊല്ലി തർക്കം; കോട്ടയം നഗരത്തിൽ പട്ടാപ്പകൽ കുത്തിക്കൊല

തട്ടുകട വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു കോട്ടയം നഗരഹൃദയത്തിൽ ഒരാൾ പട്ടാപ്പകൽ കുത്തേറ്റുമരിച്ചു.  ശരീരത്തിൽ ആറോളം കുത്തേറ്റു മൃതപ്രായനായി കിടന്നയാളെ കണ്ടെത്തിയതു സംഭവം നടന്ന് അര മണിക്കൂർ കഴിഞ്ഞ്.  ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ തിരുനക്കര രാജധാനി ഹോട്ടൽ ഭാഗത്തു നിന്നു ബസ് സ്റ്റാൻഡിലേക്കുള്ള ഇടനാഴിയിലാണു സംഭവം.  മറിയപ്പള്ളി പുഷ്പഭവനം വിജയകുമാർ (അനി–45) ആണു മരിച്ചത്. പ്രതി പെരുമ്പായിക്കാട് ചിറയിൽ റിയാസ് (27) കുത്തേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്

വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പഴവർഗ തട്ടുകട നാളുകളായി റിയാസാണു നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെ വാടക കൃത്യമായി ലഭിക്കുന്നില്ലെന്ന കാരണത്താൽ ഇരുവരും തമ്മിൽ സ്ഥിരമായി തർക്കം നടന്നിരുന്നതായി പൊലീസ് പറയുന്നു.  ശനിയാഴ്ചയും ഇതെച്ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ സംഭവം നടന്ന ഇടനാഴിയിൽ റിയാസും വിജയകുമാറും തമ്മിൽ കയ്യാങ്കളി ഉണ്ടായെന്നും തുടർന്നു വിജയകുമാർ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു റിയാസിനെ കുത്തിപ്പരുക്കേൽപിച്ചതായി പൊലീസ് പറയുന്നു. 

തുടർന്നു  കത്തി പിടിച്ചുവാങ്ങിയ റിയാസ് വിജയകുമാറിനെ കുത്തിവീഴ്ത്തി. ശരീരത്തിൽ ആറോളം കുത്തേറ്റ് അവശനിലയിലായ വിജയകുമാറിനെ സ്ഥലത്ത് ഉപേക്ഷിച്ച് റിയാസ് മെഡിക്കൽ കോളജിൽ ചികിത്സ തേടി.  ബസ് സ്റ്റാൻഡിലേക്കു പോയ യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്നാണു പൊലീസ് സ്ഥലത്തെത്തി വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു

പരുക്കേറ്റ റിയാസ് പൊലീസ് കസ്റ്റഡിയിലാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയ്ക്കു ശേഷം ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു. വെസ്റ്റ് എസ്എച്ച്ഒ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. വിജയകുമാറിന്റെ സംസ്കാരം  ഇന്ന് 4നു സഹോദരി പുഷ്പയുടെ മറിയപ്പള്ളിയിലുള്ള നങ്ങ്യാരുപറമ്പിൽ വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ അനിയൻ പിള്ള, അമ്മ: സരസ്വതി അമ്മ.