സുന്നത്തിനിടെ പിഞ്ചുകുഞ്ഞിന്റെ ലിംഗഛേദം: നടപടിയുമായി മനുഷ്യാവകാശ കമ്മിഷൻ

സുന്നത്ത് കർമത്തിനിടെ 23 ദിവസം പ്രായമായ കുഞ്ഞിന് ലിംഗത്തിന്റെ 75% നഷ്ടമായ സംഭവത്തിൽ സർക്കാർ 2 ലക്ഷം രൂപ ഇടക്കാലാശ്വാസം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ചീഫ് സെക്രട്ടറിക്കാണ് കമ്മിഷൻ അംഗം കെ.മോഹൻകുമാർ ഉത്തരവു നൽകിയത്. 

നവജാത ശിശുക്കളിൽ നടത്തുന്ന ശസ്‌ത്രക്രിയകളെ കുറിച്ച് മാതാപിതാക്കൾക്കും ഡോക്‌ടർമാർക്കും ബോധവൽക്കരണം ശക്തിപ്പെടുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. എംബിബിഎസ് ബിരുദവും 3 വർഷം മാത്രം സേവനപരിചയവുമുള്ള ഡോക്‌ടർ നടത്തിയ സുന്നത്തിനിടയിലാണ് മലപ്പുറം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിന് ഗുരുതര അപകടമുണ്ടായത്. 

കുഞ്ഞിന് മൂത്രം പോകുന്നതിന് അടിവയറ്റിൽ ദ്വാരം ഇടേണ്ടി വന്നതായും ഇക്കാര്യം പൊലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടും നിസ്സാര വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്നും പരാതിയിൽ പറഞ്ഞിരുന്നു. കമ്മിഷൻ ആരോഗ്യവകുപ്പ് ഡയറക്‌ടറിൽനിന്നു റിപ്പോർട്ട് വാങ്ങിയിരുന്നു. കുഞ്ഞിന്റെ ചികിത്സയ്ക്കായി 1.25 ലക്ഷം രൂപയിലധികം ചെലവാക്കിയതായും കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.