വടികൊണ്ട് അടിക്കും; കാൽകൊണ്ട് െതാഴിച്ചകറ്റും; തലപിടിച്ച് നിലത്ത് അടിക്കും; സമാനതകളില്ലാത്ത ക്രൂരത

വര്‍ക്കലയില്‍ കൊല്ലപ്പെട്ട രണ്ട് വയസുകാരനെ അമ്മയും അവരുടെ കാമുകനും ചേര്‍ന്ന് രണ്ട് മാസത്തോളം ഉപദ്രവിച്ചതായി പൊലീസിന്റെ നിഗമനം. ചെറുകുടല്‍ പൊട്ടി കുട്ടി ഗുരുതരാവസ്ഥയിലായിട്ടും ചികിത്സ നല്‍കാനും ഇവര്‍ തയാറായില്ല. മര്‍ദനത്തിനൊപ്പം ചികിത്സ വൈകിയതും മരണകാരണമായെന്ന നിഗമനത്തില്‍ കൊലക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 

വര്‍ക്കലയ്ക്ക് സമീപം പന്തുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഉത്തരയുടെ രണ്ട് വയസുള്ള മകന്‍ ഏകലവ്യനാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. ഉത്തരയുടെയും അവരുടെ കാമുകന്‍ രജീഷിന്റെയും ക്രൂരമര്‍ദനമേറ്റാണ് മരണമെന്ന് കണ്ടെത്തിയതോടെ പൊലീസ് ഇരുവരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതോടെ കൊടുംക്രൂരതയുടെ വിവരങ്ങളാണ് പുറത്തറിഞ്ഞത്. ആദ്യഭര്‍ത്താവായ മനുരാജുമായി വേര്‍പെട്ടത് മുതല്‍ ഉത്തരയും രജീഷും ചേര്‍ന്ന് വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വാടക വീട്ടില്‍ താമസം തുടങ്ങി ഏതാനും ആഴ്ച പിന്നിട്ടതോടെ ഇവര്‍ കുട്ടിയെ  ഉപദ്രവിച്ച് തുടങ്ങി. ആദ്യ ഭര്‍ത്താവിനോടുള്ള ദേഷ്യമാണ് ഇവര്‍ കുട്ടിയില്‍ തീര്‍ത്തിരുന്നത്. വടികൊണ്ട് പുറത്തും കാലിലും അടിക്കുന്നതായിരുന്നു ആദ്യത്തെ രീതി. പിന്നിടെ തൊഴിക്കാന്‍ വരെ തുടങ്ങി. കുട്ടി മരിക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് നടന്ന മര്‍ദനമാണ് ഗുരുതരമായത്. തല പിടിച്ച് നിലത്ത് ഇടിക്കുക വരെ ചെയ്തെന്നാണ് കുട്ടിയുടെ ദേഹത്തെ മുറിവുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. 

വെള്ളിയാഴ്ച വൈകിട്ടായതോടെ കുട്ടി അവശനിലയിലായിരുന്നു. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് ഇവര്‍ കുട്ടിയെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വയറിളക്കമെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. മലത്തിനൊപ്പം പഴുപ്പും വരുന്നത് കണ്ടതോടെ കുട്ടിക്ക് ഗുരുതരമാണെന്നും എത്രയും വേഗം മെഡിക്കല്‍ കോളജിലെത്തിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‌‍ദേശിച്ചു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ അവര്‍ വീണ്ടും വീട്ടിലേക്ക് തിരികെപ്പോയി. വീട്ടിലെത്തി ഗ്ലൂക്കോസ് വെള്ളം നല്‍കാനാണ് ശ്രമിച്ചത്. ബോധം പൂര്‍ണമായും നഷ്ടപ്പെട്ടതോടെ, വൈകിട്ട് നാല് മണിക്കാണ് പിന്നീട് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. വഴിമധ്യേ കുട്ടി മരിക്കുകയും ചെയ്തു. പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ വീണ് പരുക്കേറ്റെന്നാണ് ഇവര്‍ പറഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചോദിച്ചതോടെ മര്‍ദനം സമ്മതിച്ചു. ഇതോടെയാണ് കൊലക്കുറ്റം ചുമത്താന്‍ പൊലീസ് തീരുമാനിച്ചതും.