ബീച്ചിൽ അധ്യാപകനെ ആക്രമിച്ച് സ്വര്‍ണവും പണവും കവർന്നു; യുവാക്കൾ പിടിയിൽ

ബീച്ചില്‍ അധ്യാപകനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന നാലു യുവാക്കള്‍ അറസ്റ്റില്‍. സ്ഥിരം കുറ്റവാളികളായ ചെറുപ്പക്കാരണ് പൊലീസ് പിടിയിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

പത്തൊമ്പതിനും ഇരുപത്തിമൂന്ന് വയസിനും ഇടയിലുള്ള യുവാക്കളാണ് അക്രമം കാണിച്ചത്. ആലപ്പുഴ റയില്‍വെ സ്റ്റേഷന്‍ വാര്‍ഡുകാരനായ ജസ്റ്റിന്‍, അജയ്, റെനി, ആലിശേരി വാര്‍ഡിലെ നന്ദു എന്നവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ബീച്ചില്‍ എത്തിയ അധ്യാപകനെ ആക്രമിച്ചാണ് ഇവര്‍ പണവും ധരിച്ചിരുന്ന സ്വര്‍ണവും തട്ടിയെടുത്തത്. 

ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന അധ്യാപകനെ പ്രതികളില്‍ ഒരാള്‍ സൂത്രത്തില്‍ വെളിച്ചമില്ലാത്ത ഭാഗത്തേക്ക് വിളിച്ചുകൊണ്ടുപോയി. പിന്നീട് സംഘമായി ചേര്‍ന്ന് ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ് അധ്യാപകന്‍ വീണതോടെ പണമടങ്ങിയ പേഴ്സും മോതിരവും മാലയും കവരുകയായിരുന്നു. വധശ്രമം, അടിപിടി കേസുകളില്‍ നാല്‍വര്‍ സംഘം മുന്‍പും പ്രതികളായിട്ടുണ്ട്. ഡിവൈഎസ്പി പിവി ബേബിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.