പുതുപ്പാടി വനമേഖലയിൽ മൃഗവേട്ട; രണ്ട് പേർ കൂടി അറസ്റ്റിൽ

കോഴിക്കോട് പുതുപ്പാടി വനമേഖലയില്‍ മൃഗവേട്ടക്കിറങ്ങിയ സംഘത്തിലെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഉണ്ണികുളം സ്വദേശി ഹാരിസ്, എകരൂര്‍ സ്വദേശി മുസ്തഫ എന്നിവരാണ് താമരശേരി റേഞ്ച് ഓഫിസിലെത്തി കീഴടങ്ങിയത്. ഇവരുടെ സുഹൃത്തായ ജംഷാദിനെ വനത്തില്‍ നിന്ന് തന്നെ സംഭവദിവസം പിടികൂടിയിരുന്നു.  

പുതുപ്പാടിയിലെ കൊളമലയില്‍ മാനിനെ വേട്ടയാടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. വിവരമറിഞ്ഞെത്തിയ വനപാലകരെക്കണ്ട് മൂന്നുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ജംഷാദിനെ പിടികൂടാന്‍ കഴിഞ്ഞെങ്കിലും ഹാരിസും മുസ്തഫയും വാഹനത്തില്‍ സ്ഥലംവിട്ടു. ബന്ധുവീടുകളിലും ഇവരെത്താന്‍ സാധ്യതയുള്ള ഇടങ്ങളിലും അന്വേഷിച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് സമ്പാദിച്ച് ഇരുവരും താമരശേരി റേഞ്ച് ഓഫിസിലെത്തി കീഴടങ്ങിയത്. 

രണ്ടരമാസം മുന്‍പായിരുന്നു സംഭവം. ജംഷാദിന്റെ മൊഴിയില്‍ സംഘത്തിന്റെ കൈവശം തോക്കും കത്തിയുള്‍പ്പെടെയുള്ള ആയുധങ്ങളുമുണ്ടായിരുന്നുവെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇത് കീഴടങ്ങിയവര്‍ നിഷേധിച്ചു. ആയുധങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമത്തിനൊപ്പം ഇവര്‍ക്ക് മറ്റാരെങ്കിലും സഹായം ചെയ്തിരുന്നോ എന്ന കാര്യവും പരിശോധിക്കും. ഇരുവരെയും താമരശേരി കോടതിയില്‍ ഹാജരാക്കി.