മാസങ്ങളോളം ശമ്പളം കിട്ടാത്തത് പകയായി; ഷാഷൻ ഡിസൈനറുടെ കൊലയുടെ ചുരളഴിച്ച് പൊലീസ്

ഡല്‍ഹിയില്‍ വനിതാ ഫാഷന്‍ ഡിസൈനറെയും സഹായിയെയും കുത്തിക്കൊന്നത് ശമ്പളതര്‍ക്കത്തെ തുടര്‍ന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൃത്യസമയത്ത് ശമ്പളം നല്‍കാത്തതിന് പുറമേ തുക മുഴവനായും നല്‍കാത്തതാണ് അരുംകൊലയ്ക്ക് കാരണം. ഡല്‍ഹിയിലെ മുന്‍നിര ഫാഷന്‍ ഡിസൈനറായ മായ ലഖാനിയും നേപ്പാള്‍ സ്വദേശിയും സഹായിയുമായ ബഹാദൂറുമാണ് വസന്ത്കൂഞ്ചിലെ വീട്ടില്‍ കൊല്ലപ്പെട്ടത്. മായയുടെ മറ്റൊരു സഹായിയും വസ്ത്രവ്യാപാര സ്ഥാപനത്തിലെ തയ്യല്‍ക്കാരനുമായ രാഹുല്‍ അന്‍വര്‍, ബന്ധുവായ റഹമത്, സുഹൃത്ത് വസീം എന്നിവരാണ് പ്രതികള്‍. കൊലപാതകത്തിന് ശേഷം മൂവരും വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 

ബുധനാഴ്ച രാത്രി പത്തിനും പതിനൊന്നരയ്ക്കും ഇടയ്ക്കാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.45ന് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുലും കൂട്ടാളികളും തങ്ങള്‍ വസ്ന്ത്കുഞ്ച് എന്‍ക്ലേവിലെ ഒരു വീട്ടില്‍ രണ്ട് പേരെ കൊലപ്പെടുത്തിയതായി പൊലീസിനൊട് പറയുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളാണ് കണ്ടത്. മായ ലഖാനിയുടെ മൃതദേഹം കിടപ്പുമുറിയിലും ബഹാദൂറിന്റെ മൃതദേഹം അടുക്കളയിലുമാണ് കിടന്നിരുന്നത്. 

മായ ലഖാനിയുടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന രാഹുലിന് മാസങ്ങളായി ശമ്പളം നല്‍കാറില്ലാത്തതാണ് കൊലയ്ക്ക് കാരണമായി പ്രതികള്‍ പൊലീസിനൊട് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ വസ്തുതയുള്ളതായി തെളിഞ്ഞു. കൊലപാതകത്തിന് ശേഷം ആഭരണങ്ങളും വിലപിടിച്ച വസ്തുക്കളും പ്രതികള്‍ അപഹരിച്ചു രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ കൊലപാതകം പുറത്തറിഞ്ഞാല്‍ ഉറ്റ ബന്ധുക്കളെ പൊലീസ് ഉപദ്രവിക്കുമെന്ന് കരുതിയാണ് കീഴടങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കി.