മോഷണം തടയുന്നതിൽ പൊലീസ് പരാജയം; അഴിയൂരില്‍ വ്യാപാരികള്‍ സമരത്തിലേക്ക്

മോഷണപരമ്പര തടയുന്നതില്‍ പൊലീസ് പരാജയമെന്ന് ആരോപിച്ച് കോഴിക്കോട് അഴിയൂരില്‍ വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിലേക്ക്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി കടകളിലും വീടുകളിലും കവര്‍ച്ചയുണ്ടായെങ്കിലും ചോമ്പാല്‍ പൊലീസിന്റെ അന്വേഷണത്തിന് വേഗതയില്ലെന്നാണ് പരാതി. രാത്രികാല പട്രോളിങ് ഇനിയും ഊര്‍ജിതമാക്കിയിട്ടില്ലെന്നാണ് ആക്ഷേപം. 

വ്യാപാരസ്ഥാപനങ്ങളുടെ വലുപ്പമല്ല. പച്ചക്കറിയോ സ്റ്റേഷനറിക്കടയെന്നോ വ്യത്യാസമില്ല. കവര്‍ച്ചയില്‍ കാലങ്ങളായി കരുതിവച്ചതെല്ലാം പലര്‍ക്കും നഷ്ടമായി. പണവും സാധനങ്ങളുമുള്‍പ്പെടെ വിലകൂടിയതെല്ലാം പതിവായി കള്ളന്‍മാരെടുക്കുന്നു. കവര്‍ച്ചയുടെ വ്യാപ്തിയെക്കുറിച്ചുള്ള വ്യാപാരികളുടെ പരാതി ആദ്യം പൊലീസ് ശ്രദ്ധിച്ചതേയില്ല. അന്വേഷണത്തിലെ അലംഭാവം പലവീടുകളുടെയും കടകളുടെയും പൂട്ട് നിരന്തരമായി തകര്‍ക്കുന്നതിനിടയാക്കി.

ഗൗരവം കണക്കിലെടുക്കാന്‍ പൊലീസിനാകുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. ജനപ്രതിനിധികളും കാര്യമായി സഹായിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്. 

അനിശ്ചിതകാല സത്യഗ്രഹവും പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെയുള്ള സമരപരിപാടികളെക്കുറിച്ചാണ് ആലോചിക്കുന്നത്. ഇതോടൊപ്പം ചെറുസംഘങ്ങളായി തിരിഞ്ഞ് വ്യാപാരികള്‍ തന്നെ രാത്രികാലങ്ങളില്‍ കടകള്‍ക്ക് കാവലിരിക്കുന്ന സുരക്ഷാകരുതലിനും തീരുമാനിച്ചിട്ടുണ്ട്.